മാഹി : മാഹി മൂലക്കടവിലെ പെട്രോൾ പമ്പിൽനിന്ന് ലോറിയിൽ നികുതി വെട്ടിച്ച് കേരളത്തിലേക്ക് കടത്തുകയായിരുന്ന ഡീസൽ ശേഖരം പിടിച്ചു. കുഴൽക്കിണർ നിർമാണസാമഗ്രികളുള്ള ലോറിയിൽനിന്നാണ് 3770 ലിറ്റർ ഡീസൽ പിടിച്ചത്. തമിഴ്നാട് രജിസ്ട്രേഷൻ ലോറിയിൽ ഡീസൽ കടത്തവേ കേരള അതിർത്തിയിൽ കോപ്പാലത്തുവെച്ചാണ് പിടിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.ജില്ലാ പോലീസ് മേധാവിയുടെ രഹസ്യാന്വേഷണവിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ വാഹനപരിശോധനയിലാണ് ലോറിയും ഡീസലും ഡ്രൈവറും പിടിയിലായത്. ലോറിഡ്രൈവർ പട്ടാമ്പി സ്വദേശി വി.ജെ.ഷൗക്കത്തലിയെയും ലോറിയിലുണ്ടായിരുന്ന സഹായി ഇതര സംസ്ഥാനക്കാരനായ പ്രഭാത് കുമാറിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
തലശ്ശേരി എ.എസ്.പി.യുടെ ചുമതലയുള്ള കണ്ണൂർ എ.സി.പി. സിബി ടോം, ന്യൂമാഹി എസ്.ഐ. യു.കെ.അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡീസൽകടത്ത് പിടിച്ചത്. കുഴൽക്കിണർ കുഴിക്കാനാവശ്യമായ എയർ കംപ്രസർ അടങ്ങിയ ലോറിയിൽ പ്രത്യേക അറയിൽ നിറച്ചാണ് ഡീസൽ കടത്തിയത്.