അഴിയൂർ: അഴിയൂർ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ മാരക മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിലായി.
മലപ്പുറം ഏറനാട് നറുകര സ്വദേശികളായ കട്ടില പറമ്പിൽ ഷൈജു (26), കോഴിക്കൽ വീട്ടിൽ മുഹമ്മദ് അഫ്രീദ് എന്നിവരെയാണ് 4.69 ഗ്രാം മെത്താംഫിറ്റമിനുമായി എക്സൈസ് സംഘം പിടികൂടിയത്.
ഇന്നലെ ഉച്ചയ്ക്ക് 1.45-ഓടെ എക്സൈസ് ചെക്ക് പോസ്റ്റിന് മുൻവശം വെച്ചായിരുന്നു പരിശോധന. ഇവർ സഞ്ചരിച്ചിരുന്ന KL 10 AR 8037 എന്ന രജിസ്ട്രേഷൻ നമ്പരിലുള്ള ഓട്ടോറിക്ഷയിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് (NDPS) നിയമപ്രകാരം കേസെടുത്തു.
എക്സൈസ് ഇൻസ്പെക്ടർ അജു പി. ഷാജിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുനിൽ കെ., ഗ്രേഡ് അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ ഷാഫി വി., പ്രകാശൻ എ.കെ., പ്രിവന്റീവ് ഓഫീസർ നൈജീഷ് ടി., ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സുധീർ കുന്നുമ്മൽ എന്നിവരും പങ്കെടുത്തു.
azhiyur-excise-checkpost-methamphetamine-seizure-malappuram-youths-arrested
