മയ്യഴി:പുതുച്ചേരി സെക്രട്ടറിയറ്റ് മാർച്ചിൽ പങ്കെടുക്കുന്ന മാഹിയിലെ വളന്റിയർമാർ ശനിയാഴ്ച യാത്ര തിരിക്കും. രാത്രി ഏഴിന് മാഹി പ്പള്ളി പരിസരത്തുനിന്ന് രണ്ട് ബസ്സിലായി തലസ്ഥാനത്തേക്ക് പുറപ്പെടും. പുതുച്ചേരി സംസ്ഥാനത്തിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ തിങ്കളാഴ്ചയാണ് സെക്രട്ടറിയറ്റ് മാർച്ച്.
ബാലാജി തിയറ്റർ പരിസരത്തുനിന്ന് ബഹുജനമാർച്ച് ആരംഭിക്കും. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ജി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.നേതാക്കളായ സുധ സുന്ദർ റാം, ആർ രാജാങ്കം, ടി മുരുഗൻ, ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജൻ എന്നിവർ പങ്കെടുക്കും. യാനം, പുതുച്ചേരി, കാരയ്ക്കാൽ എന്നിവിടങ്ങളിൽ നീന്നുള്ളവരും പങ്കെടുക്കും.
റേഷൻ സംവിധാനം പുനസ്ഥാപിക്കുക, ഒഴിവുള്ള മുഴുവൻ തസ്തികയിലും നിയമനം നടത്തുക, വൈദ്യുതി വകുപ്പ് സ്വകാര്യവൽക്കരിക്കാനും പ്രീപെയ്‌ഡ് മീറ്റർ സ്ഥാപിക്കാനുമുള്ള തീരുമാനം ഉപേക്ഷിക്കുക, മുനിസിപ്പൽ തെരഞ്ഞെ ടുപ്പ് ഉടൻ നടത്തുക, കുടിവെള്ള ക്ഷാമത്തിന് ശാശ്വതപരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പുതുച്ചേരി സെക്രട്ടറിയറ്റ് മാർച്ച്.