മാഹി: വ്യാജ പീഡന കഥ പൊളിച്ച് മാഹി പൊലീസ്. ലോഡ്ജ് ഉടമയിൽ നിന്ന് വൻ തുക തട്ടിയെടുക്കാൻ ഇറങ്ങിയ വിരുതനെ മാഹി പൊലീസ് അറസ്റ്റ് ചെയ്തു. 63 വയസ് പ്രായമുള്ള സ്ത്രീയോടൊന്നിച്ച് ആൾമാറാട്ടം നടത്തി മാഹി റെയിൽവെ സ്റ്റേഷൻ റോഡിലെ സാറാ ഇൻ ലോഡ്ജിൽ മുറിയെടുത്താണ് വ്യാജപീഡന പരാതിക്കുള്ള കരുക്കൾ നീക്കിയത്. കൈ നോട്ടക്കാരനാണെന്ന് പരിചയപ്പെടുത്തി. മാഹി റെയിൽവെ സ്റ്റേഷൻ റോഡിലെ ലോഡ്ജിൽ മുറിയെടുത്ത കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് കാരക്കോട് വട്ടപ്പള്ളി വീട്ടിൽ മുഹമ്മദ് ഇഖ്ബാൽ എന്ന മനു എന്നും പട്ടരു മനു അഥവാ ശിവശങ്കർ (61) എന്നും പേരുള്ള വ്യാജ കൈനോട്ടക്കാരനെയാണ് മാഹി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ആർ.ഷൺമുഖത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പിടികൂടിയത്. വിവിധ സ്ഥലങ്ങളിൽ താമസിച്ച് വ്യാജ കൈനോട്ടക്കാരനായി ജോലി ചെയ്താണ് മോഷണം പോലുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. സഹായിയായ സ്ത്രീയെ കൊണ്ട് വ്യാജ പരാതി നൽകി പണം തട്ടാൻ ശ്രമിച്ചതിനാണ് ഇയാളെ മാഹി പൊലീസ് അറസ്റ്റ് ചെയ്തത്.
പല സ്ഥലങ്ങളിലായി നിരവധി പേരുകളിലാണ് രേഖകളിൽ ഇയാൾ അറിയപ്പെടുന്നത് സൂര്യനാരായണൻ, മനു ബാബു, വിഷ്ണു, ജയപ്രകാശ്, മനോജ് പല്ലം തുടങ്ങിയ പേരുകളിലും ആളുകളോട് ഇയാൾ ഇടപെട്ടിരുന്നു. മോഷണം നടത്തി പിടിക്കപ്പെട്ടൽ വ്യാജ മേൽവിലാസവും പേരും നൽക്കുകയാണ് ഇയാളുടെ രീതി.
ശിവശങ്കരൻ എന്ന പേരിൽമാഹിയിലെ ഒരു ലോഡ്ജിൽ മുറിയെടുത്ത് അവിടെ മൂന്ന് ദിവസം താമസിച്ചു. ഭാര്യയെന്ന് പറഞ്ഞ് കുടെ വന്ന സ്ത്രീയെ റൂംബോയ് പീഡിപ്പിച്ചതായി മാഹി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്. ലോഡ്ജ് ഉടമയിൽ നിന്ന് പണം തട്ടാനുള്ള സൂത്രമാണെന്നും പരാതിക്കാരിയുടെ കൂടെ വന്നയാൾ പോക്കറ്റടിക്കാരനാണെന്നും പൊലീസ് തിരിച്ചറിഞ്ഞു. കൈ നോട്ടക്കാരന്റെ വേഷം കെട്ടിയ ശിവശങ്കരൻ സ്ത്രീയുടെ ആരുമല്ലെന്നും യഥാർഥ ഭർത്താവിനെ കഴിഞ്ഞ കുറച്ചുകാലമായി കാണാനില്ലെന്നും കണ്ടെത്തി.
രക്ഷകനെന്ന വ്യാജേന സ്ത്രീയോട് അടുപ്പം കാണിച്ച് ഭയപ്പെടുത്തിയും മാനസികമായി ശാരിരികമായും പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. നിയമ വിരുദ്ധമായ കാര്യങ്ങൾക്കും ലൈംഗികമായും ചൂഷണം നടത്തുകയുമായിരുന്നു . ഈ സ്ത്രീയെ മറയാക്കി പണം തട്ടിയ പരാതികളുമുണ്ടായിട്ടുണ്ട്. ഇയാളെbകേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത് ചില കേസുകളിൽ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. വ്യാജ പരാതി നൽകി പണം തട്ടാൻ ഉണ്ടാക്കിയ ഈ പീഡനക്കേസ് ആസൂത്രണമായി നടത്തിയതാണെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു.
മാഹി എസ്.പി രാജശങ്കർ വെള്ളാട്ട് നൽകിയ നിർദ്ദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതിയുടെ ചുരുൾ അഴിഞ്ഞത്. വിവിധ പേരുകളിൽ അറിയപ്പെടുന്ന ഇയാൾക്ക് കണ്ണൂർ, കാസർകോട്, തൃശ്ശൂർ, എറണാകുളം, ആലുവ, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ പേരുകളിലായി നിരവധി ക്രിമിനൽ കേസുകട്ടുണ്ട്. സ്ഥിരം മദ്യപാനിയായ ഇയാൾ പരാതിക്കാരിയായ സ്ത്രീയെ നിരവധി തവണ ഉപദ്രവിക്കുകയും ഭയപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ശാസ്ത്രീയമായി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജിലെ റൂം ബോയ് നിരപരാധിയാണെന്ന് കണ്ടെത്തിയത്. സി.സി.ടി.വിയും ഫിംഗർ പ്രിന്റും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പോക്കറ്റടിക്കാരൻ അറസ്റ്റിലായത്.
മാഹി എസ്.ഐ സി.വി.റെനിൽ കുമാർ, ക്രൈം സ്വാഡ് അഗംങ്ങളായ എ.എസ്.ഐ കിഷോർ കുമാർ, എച്ച്.സി ശ്രീജേഷ്, കോൺസ്റ്റബിൾ രോഷിത്ത് പാറമേൽ, എ.എസ്.ഐ സുനിൽ കുമാർ, പി.ബീന, ഹെഡ് കോൺസ്റ്റബിൾ വിനീഷ് കുമാർ, കെ. പ്രവീൺ, അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായത്. പ്രതിയെ മാഹി കോടതി റിമാൻഡ് ചെയ്തു.