മാഹി :രാജ്യത്ത് റേഷൻകടളില്ലാത്ത പ്രദേശങ്ങളിലൊന്നാണിന്ന് മാഹി. റേഷനരിയുടെ പണം ബാങ്ക് അക്കൗണ്ട് വഴിയെന്ന് പറഞ്ഞാണ് അരി വിതരണം നിർത്തിയത്. അരിയോ പണമോ കൃത്യമായി ഇല്ലെന്ന ഗതികേടിലാണിപ്പോൾ ജനങ്ങൾ.
ബിജെപി-എൻആർ കോൺഗ്രസ് ഭരണത്തിലുള്ള പുതുച്ചേരി സംസ്ഥാനത്ത് റേഷൻകടകൾക്ക് താഴുവീണിട്ട് വർഷങ്ങളായി. കോൺഗ്രസ് സർക്കാർ അടച്ചുപൂട്ടിയ റേഷൻ കടകൾ തുറക്കുമെന്ന് പുതുച്ചേരി മന്ത്രി ലക്ഷ്‌മി നാരായണൻ രണ്ട് വർഷം മുമ്പ് പ്രഖ്യാപിച്ചെങ്കിലും ഒരു മാറ്റവുമില്ല. ബിപിഎൽ കാർഡിന് 600 രൂപയും എപിഎല്ലിന് 300 രൂപയുമാണ് മാസം ലഭിക്കേണ്ടത്. മൂന്നും നാലും മാസം കഴിയുമ്പോൾ ഒരു മാസത്തെ തുക ലഭിച്ചാലായി. മാഹിയിൽ 8600ലേറെ റേഷൻ കാർഡുകളുണ്ട്. 1045 കുടുംബങ്ങളാണ് ബിപിഎൽ പട്ടികയിൽ.
*ആശ്വാസം പകർന്ന് കേരളം
മാഹിയിൽ നിന്ന് തീർത്തും വ്യത്യസ്‌തമാണ് കേരളം. മഞ്ഞ കാർഡുകാർക്ക് 30 കിലോ അരിയും 3 കിലോ ഗോതമ്പും 2 കിലോ ആട്ടയും സൗജന്യമാണ് കേരളത്തിൽ. പിങ്ക് കാർഡിലെ ഓരോ വ്യക്തിക്കും 4 കിലോ അരിയും ഒരു കിലോ ആട്ടയും സൗജന്യമാണ്. നീല കാർഡിൽ ഒരു വ്യക്തിക്ക് 2 കിലോ വീതം ഭക്ഷ്യധാന്യം നാല് രൂപനിരക്കിൽ. ഇതിന് പുറമെ 10.90 നിരക്കിൽ 3 കിലോ സ്പെഷ്യൽ അരിയും ഈ മാസമുണ്ട്. വെള്ളക്കാർഡുകാർക്ക് 10.90 നിരക്കിൽ 6 കിലോ ഭക്ഷ്യധാന്യവും ഡിസംബറിൽ ലഭിക്കും. മൂന്ന് മാസത്തിലൊരിക്കൽ എഎവൈ കാർഡിന് ഒരു ലിറ്ററും ബിപിഎല്ലിന് അരലിറ്ററും മണ്ണെണ്ണയുമുണ്ട്. കന്യാസ്ത്രീമഠങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലുള്ളവർക്കും നിശ്ചിത അളവിൽ ഭക്ഷ്യധാന്യമുണ്ട്. മാവേലി സ്റ്റോറിലൂടെ സബ്സിഡി നിരക്കിൽ മാസം പത്ത് കിലോ അരിവേറെയും. കേരള മാതൃകയിൽ റേഷൻ ലഭിച്ചെങ്കിൽ ആശ്വാസമാകുമെന്ന് മയ്യഴിയിലെ ജനങ്ങൾ പറയാൻ തുടങ്ങിയിട്ട് കാലമേറെയായി. മാഹിയിൽ റേഷൻ വിതരണം നടത്തിയ മാഹി എംപ്ലോയീസ് കോ-ഓപ്പറേറ്റി വ് സ്‌റ്റോറിന്റെ 14 റേഷൻകടയും പൂട്ടി. മാഹി കൺസ്യൂമർ കോ- ഓപ്പറേറ്റീവ് സ്റ്റോർ അവശ്യസാധനങ്ങൾ വിപണിയിലെത്തിച്ച് പിടിച്ചുനിൽക്കുന്നു.
*വില പൊള്ളും
മാവേലിയിൽ 280 രൂപക്ക് ലഭിക്കുന്ന മുളകിന് മാഹിയിൽ 330 രൂപയാണ് വില. ഒരുകിലോ ചെറുപയറിന് 66 രൂപയാണ് മാവേലി യിൽ കുറവ് പരിപ്പിൽ 35 രൂപയും കടലയിൽ 43 രൂപ യും വിലവ്യത്യാസമുണ്ട്. മറ്റു അവശ്യവസ്തുക്കളി ലും കേരളത്തേക്കാൾ മാഹിയിൽ വിലക്കൂടുതലാണ്.