മാഹിപ്പാലം സുരക്ഷിതമെന്ന വാദം തള്ളി ഹൈക്കോടതി.

മയ്യഴി : മാഹിപ്പാലം അപകടാവസ്ഥയിലാണെന്നത് ശരിയല്ലെന്നും പാലം സുരക്ഷിതമാണെന്നുമുള്ള കേന്ദ്ര ദേശീയപാതാ അധികൃതരുടെ വാദത്തെ തള്ളി ഹൈക്കോടതി. മാഹിപ്പാലം സുരക്ഷിതമാണെന്ന് ഉറപ്പുപറയുന്നത് ഏത് ശാസ്ത്രീയപഠനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കോടതി അധികൃതരോട് ആരാഞ്ഞു.
അപകടാവസ്ഥയിലായ മാഹിപ്പാലത്തിലൂടെ ഭാരമേറിയ വാഹനങ്ങൾ പോകുന്നത് വിലക്കണമെന്ന ഹർജിക്കാരായ മയ്യഴിക്കൂട്ടത്തിന്റെ വാദത്തിനെതിരേയാണ് പാലം സുരക്ഷിതമാണെന്ന് ഹൈവേ അധികൃതർ വാദിച്ചത്. പാലത്തിന് ചെറിയ തകരാറുകൾ മാത്രമേയുള്ളൂ. അത് അറ്റകുറ്റപ്പണി നടത്തി പരിഹരിക്കാവുന്നതേയുള്ളൂവെന്നും എൻ.എച്ച്.എ.ഐ. നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. പാലം സുരക്ഷിതമാണെന്നതടക്കമുള്ള കാര്യങ്ങൾ വിശദീകരിച്ച സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ വ്യക്തമാക്കി.
ഹർജിക്കാർ മാഹിപ്പാലത്തിന്റെ കാര്യത്തിൽ ഉന്നയിച്ച കാര്യങ്ങളെല്ലാം തെറ്റാണെന്നും അടിസ്ഥാനരഹിതമാണെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു.
മുഴപ്പിലങ്ങാട്-അഴിയൂർ നാലുവരി ബൈപ്പാസ് പ്രവൃത്തി പുരോഗമിക്കുകയാണെന്നും ബൈപ്പാസ് തുറന്നുകൊടുക്കുന്നതോടെ മാഹിപ്പാലത്തിലൂടെ പരിമിതമായ ഗതാഗതം മാത്രമേ ഉണ്ടാവുകയുള്ളൂവെന്നുമാണ് അധികൃതരുടെ വാദം.
പാലത്തിന്റെ ഉപരിതലത്തിലെ ചെറിയ തകരാറുകൾ പരിഹരിച്ച് ടാറിങ്ങിന് 21 ലക്ഷം രൂപയുടെ അടങ്കൽ സംസ്ഥാന പൊതുമരാമത്ത് ദേശീയപാതാ വിഭാഗം കേന്ദ്ര ദേശീയപാതാ അതോറിറ്റിക്ക് സമർപ്പിച്ചതായും ഇതിന് ഉടനെ അനുമതി ലഭിക്കുമെന്നും സത്യവാങ്‌മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്.
മാഹിപ്പാലത്തിന്റെ കാര്യത്തിൽ അധികൃതർ നടത്തിയ ആധികാരികവും ശാസ്ത്രീയവുമായ പഠന പരിശോധനാ റിപ്പോർട്ട് കോടതിക്ക് നല്കണമെന്നും പാലത്തിന്റെ കാര്യത്തിലുള്ള സുരക്ഷിതത്വമെന്താണെന്നുള്ള ആധികാരികത കോടതിയെ ബോധ്യപ്പെടുത്തണമെന്നും ഇടക്കാല ഉത്തരവിൽ ആവശ്യപ്പെട്ടു.
തലശ്ശേരി-മാഹി ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് മയ്യഴിക്കൂട്ടം നൽകിയ പൊതുതാത്പര്യ ഹർജിയിലെ പ്രധാന ആവശ്യം. ടാങ്കർ ലോറികൾ ഉൾപ്പെടെ ഗതാഗതക്കുരുക്കിന് കാരണമാകുന്ന ഭാരമേറിയതും നീളമുള്ളതുമായ വലിയ വാഹനങ്ങൾ ഏറെ പഴക്കം ചെന്ന മാഹിപ്പാലം വഴി കടന്ന് പോകുന്നത് നിയന്ത്രിക്കുക, നിലവിലുള്ള പാലത്തിന് സമാന്തരമായി പുതിയപാലം നിർമിക്കുക, തകർച്ച നേരിടുന്നതും പൊട്ടിപ്പൊളിഞ്ഞ് ഗതാഗതക്കുരുക്കുണ്ടാക്കുന്ന മാഹിപ്പാലം ശാസ്ത്രീയമായി അറ്റകുറ്റപ്പണി നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മയ്യഴിക്കൂട്ടം ജനറൽ സെക്രട്ടറി ഒ.വി. ജിനോസ് ബഷീർ ഹർജി നൽകിയത്. സുപ്രീം കോടതി അഭിഭാഷകൻ മനോജ് വി. ജോർജും, അഡ്വ. രാജേഷ് കുമാറുമാണ് മയ്യഴിക്കൂട്ടത്തിന് വേണ്ടി ഹാജരായത്.

വളരെ പുതിയ വളരെ പഴയ