മയ്യഴി:വൈദ്യുതി വകുപ്പിൽ പ്രീപെയ്ഡ് മീറ്റർ സ്ഥാപിക്കുന്നതിന് പുതുച്ചേരി സർക്കാർ നടപടി തുടങ്ങി. ആവശ്യമായ ഉപകരണം വാങ്ങാൻ സർക്കാർ ടെൻഡർ ക്ഷണിച്ചു. നിലവിലുള്ള മീറ്ററുകൾ മാറ്റി പ്രീപെയ്ഡ് മീറ്റർ സ്ഥാപിക്കാനാണ് പദ്ധതി. ജനകീയ പ്രതിഷേധത്തെ തുടർന്ന് നിർത്തി വച്ച വൈദ്യുതി സ്വകാര്യവൽക്ക രണ നടപടി ഇതോടെ വേഗ ത്തിലാകും. പ്രീപെയ്‌ഡ് മീറ്റർ സ്ഥാപിക്കുന്നതോടെ മുൻകൂർ പണം നൽകിയാലേ വൈദ്യുതി ലഭിക്കൂ. മൊബൈൽ റീചാർജ് ചെയ്യുന്നതു പോലെ വൈദ്യുതിക്കുള്ള തുകയും റീചാർജ് ചെയ്യേണ്ടി വരും. റീചാർജ് ചെയ്ത തുകയുടെ വൈദ്യുതി ഉപയോഗിക്കുന്നതോടെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെടും.
ഇരുപതിനായിരം കോടി രൂപയിലേറെ ആസ്‌തിയുള്ള സംസ്ഥാനത്തെ വൈദ്യുതി മേഖല തുഛമായ വിലക്ക് സ്വകാര്യവ്യക്തികളുടെ കൈകളിലെത്തിക്കാനാണ് എൻആർ കോൺഗ്രസ്-ബിജെപി സർക്കാർ ശ്രമിക്കുന്നത്. വൈദ്യുതി വകുപ്പിൽ വിരമിക്കുന്ന ഒഴിവുകളിൽ നിയമനം നടത്തുന്നില്ല. മാഹിയടക്കം സംസ്ഥാ നത്തെ വൈദ്യുതി ഓഫീസുക ളിൽ വിരമിച്ചവരെ താൽക്കാ ലികമായി നിയമിക്കാനാണ് സർക്കാർ ഉത്തരവ്. ഇപ്പോൾത്തന്നെ വൈദ്യുതി ചാർജ് അടിക്കടി സംസ്ഥാനത്ത് വർധിപ്പിക്കുന്നുണ്ട്. പ്രീപെയ്ഡ് മീറ്റർ സ്ഥാപിച്ച് വൈദ്യുതി വകുപ്പ് സ്വകാര്യകമ്പനിക്ക് കൈമാറുന്നതോടെ യൂണിറ്റി’ നുള്ള നിരക്കടക്കം എല്ലാം കമ്പനി നിശ്ചയിക്കുന്ന സ്ഥിതിയാകും.