കടവത്തൂർ : കണ്ണൂർ, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് മയ്യഴിപ്പുഴയിൽ നിർമിക്കുന്ന കടവത്തൂർ കല്ലാച്ചേരിക്കടവ് പാലം യാഥാർഥ്യത്തിലേക്ക്. കോഴിക്കോട് ജില്ലയിലെ ഭാഗത്ത് അതിർത്തി കല്ലിടൽ നവംബർ ഒന്നിന് നടത്തും. ഇതോടെ ഏറെ വർഷങ്ങളായി അനിശ്ചിതത്വത്തിലായിരുന്ന പാലം നിർമാണം ഉടൻ തുടങ്ങും.
പാലത്തിന്റെ നിർമാണത്തിനായി കിഫ്ബി 10.14 കോടി രൂപയുടെ ഭരണാനുമതി നേരത്തേ നൽകിയിരുന്നു. മുൻ മന്ത്രി കെ.കെ. ശൈലജയും തുടർന്ന് കെ.പി. മോഹനൻ എം.എൽ.എ., ഇ.കെ. വിജയൻ എന്നിവരും പാലം നിർമാണത്തിനായുള്ള നടപടികൾക്ക് നേതൃത്വം നൽകി.
ജില്ലയിലെ തൃപ്രങ്ങോട്ടൂർ പഞ്ചായത്തിനെയും കോഴിക്കോട് ജില്ലയിലെ എടച്ചേരി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതാണ് കല്ലാച്ചേരിക്കടവ് പാലം. കടവത്തൂർ ഇരഞ്ഞീൻകീഴിൽ വഴി കല്ലാച്ചേരിക്കടവ് വരെയും ഇരിങ്ങണ്ണൂരിൽനിന്ന് കല്ലാച്ചേരിക്കടവ് വരെയും റോഡുണ്ട്. ഇപ്പോൾ കടത്തുതോണിയാണ് ആശ്രയം.കൂത്തുപറമ്പ്, പാനൂർ, കടവത്തൂർ മേഖലയിലെ ആളുകൾക്ക് വടകര, നാദാപുരം ഭാഗത്തേക്കും കോഴിക്കോട് ജില്ലയിലെ എടച്ചേരി, തൂണേരി ഭാഗങ്ങളിലെ ആളുകൾക്ക് പാനൂർ ഉൾപ്പെടെ കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കും എത്താനുള്ള മാർഗംകൂടിയാണിത്.
വർഷങ്ങൾക്ക് മുൻപുതന്നെ ഇവിടെ പാലം പണിയാനുള്ള നീക്കം ആരംഭിച്ചിരുന്നുവെങ്കിലും സ്ഥലമുടമകളുമായുള്ള തർക്കം തുടർന്നു. പല തവണ ഭൂവുടമകളുടെ യോഗങ്ങളും വിളിച്ചുചേർത്തു. അതിർത്തി കല്ലിടുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ കല്ലാച്ചേരി ഭാഗത്തും കഴിഞ്ഞ ദിവസം യോഗം നടന്നിരുന്നു.
അനുബന്ധ റോഡിന് വേണ്ടി തൂണേരി പഞ്ചായത്തിലെ 90.07 സെന്റ് സ്ഥലവും എടച്ചേരി പഞ്ചായത്തിൽ ഉൾപ്പെടുന്ന 8.54 സെന്റ് സ്ഥലവും ഏറ്റെടുക്കേണ്ടതുണ്ട്. കൂത്തുപറമ്പ് മണ്ഡലത്തിൽ തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ അപ്രോച്ച് റോഡിനായി 32.90 സെന്റ് സ്ഥലം ഏറ്റെടുക്കേണ്ടിവരും. പാലം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരിപ്പോൾ.
#tag:
Mahe