കൊച്ചി: പച്ചക്കറി, പഴവര്‍ഗം, സുഗന്ധവ്യഞ്ജനം എന്നിവയില്‍ ഇന്ത്യയില്‍ നിരോധിച്ച ഉഗ്ര–അത്യുഗ്ര വിഷവിഭാഗത്തില്‍ ഉള്‍പ്പെട്ട കീടനാശിനികളുടെ സാന്നിധ്യം.
കൃഷിവകുപ്പിന്റെ ‘സേഫ് റ്റു ഈറ്റ്’ പദ്ധതിപ്രകാരമുള്ള പരിശോധനയിലാണ് ഈ കണ്ടെത്തല്‍. തക്കാളി, കാപ്സിക്കം (പച്ച), കറുത്ത മുന്തിരി, പേരക്ക എന്നിവയുടെ സാമ്ബിളിലാണ് അത്യുഗ്ര വിഷവിഭാഗത്തില്‍പ്പെട്ട മോണോക്രോട്ടോഫോസിന്റെ സാന്നിധ്യം. കാപ്സിക്കം (ചുവപ്പ്), കറുത്ത മുന്തിരി, ഏലക്ക, ജീരകം, കശ്മീരി ഉണക്കമുളക് എന്നിവയില്‍ പ്രൊഫെനോഫോസിന്റെ സാന്നിധ്യവും തെളിഞ്ഞു. വെള്ളായണി കീടനാശിനി അവശിഷ്ട, വിഷാംശ ഗവേഷണ ലബോറട്ടറിയിലായിരുന്നു പരിശോധന.
സംസ്ഥാനത്ത് 2011 മുതല്‍ വില്‍പ്പനയും പ്രയോഗവും നിരോധിച്ച കീടനാശിനികളാണിവ. മറ്റിനങ്ങളില്‍ ഉഗ്രവിഭാഗത്തില്‍ ഉള്‍പ്പെട്ട കീടനാശിനികളുടെ സാന്നിധ്യവുമുണ്ട്. ഏപ്രില്‍മുതല്‍ ജൂണ്‍വരെയുള്ള കാലയളവിലെ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. 311 സാമ്ബിളുകള്‍ പരിശോധിച്ചപ്പോള്‍ 88 എണ്ണത്തിലാണ് കീടനാശിനി സാന്നിധ്യം. 52 പച്ചക്കറികളും 23 സുഗന്ധവ്യഞ്ജനങ്ങളും 11 പഴവര്‍ഗങ്ങളും രണ്ട് ഭക്ഷ്യവസ്തുക്കളിലുമായാണ് സാന്നിധ്യം കണ്ടെത്തിയത്.
ഉഗ്രവിഷവിഭാഗത്തില്‍ ഉള്‍പ്പെടുന്ന കീടനാശിനി കണ്ടെത്തിയ ഇനങ്ങള്‍:
പൊതുവിപണി–- ബീൻസ്, പാവല്‍, ശീമച്ചക്ക, കാബേജ്, കാപ്സിക്കം (പച്ച–-ചുവപ്പ്–-മഞ്ഞ), സലെറി, സാമ്ബാര്‍മുളക്, മുരിങ്ങക്ക, പുതിനയില, ഉരുളക്കിഴങ്ങ്, പടവലം, പയര്‍, ആപ്പിള്‍ പച്ച, റോബസ്റ്റ, മുന്തിരി കറുപ്പ്, ഏലക്ക, മല്ലിപ്പൊടി, ജീരകം, കശ്മീരി മുളക്, കസൂരിമേത്തി, ഉണക്കമുന്തിരി.കര്‍ഷകരില്‍നിന്ന് നേരിട്ട് വാങ്ങുന്നവ–-ചുവപ്പുചീര, വെണ്ട, വെള്ളരി, തക്കാളി, പയര്‍.ഇക്കോഷോപ്പില്‍നിന്ന്–- പയര്‍.ജൈവം ലേബലില്‍–- കാപ്സിക്കം പച്ച, ചതകുപ്പ, മുളക്, പെരുംജീരകം.
ഹാനികരമല്ല, ജാഗ്രതവേണം
ഗുരുതരമായ അളവിലല്ല കീടനാശിനികളുടെ സാന്നിധ്യമെന്നും എന്നാല്‍, കരുതല്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്തെ കര്‍ഷകരില്‍നിന്ന് നേരിട്ടുവാങ്ങുന്നവയിലും ഇക്കോഷോപ്പുകളിലും ജൈവം ലേബലില്‍ വില്‍ക്കുന്നവയിലും കീടനാശിനി സാന്നിധ്യം കുറവാണെന്നും കണ്ടെത്തി. ബജി മുളക്, കശ്മീരി മുളക്, പുതിനയില, മുളകുപൊടി, കസൂരിമേത്തി എന്നിവയില്‍ എട്ടുമുതല്‍ 12 വരെ കീടനാശിനികളുടെ സാന്നിധ്യമുള്ളത് ആശങ്കാജനകമാണ്. മിക്കയിനം കീടനാശിനികളും സംസ്ഥാനത്തിനുപുറത്തുനിന്നുള്ളവയിലാണ്.