മയ്യഴി: നിർമാണം പൂർത്തിയാകാതെ കിടക്കുന്നതിനാൽ പ്രദേശവാസികൾക്കും മീൻപിടിത്തത്തൊഴിലാളികൾക്കും ദുരിതമായി മാറിയ മീൻപിടിത്ത തുറമുഖത്തിന്റെ പുലിമുട്ടെങ്കിലും പൂർത്തിയാക്കിത്തരണമെന്ന് അപേക്ഷിക്കുകയാണ് മാഹിയിലെ മീൻപിടിത്തത്തൊഴിലാളികൾ.
നിർമാണം തുടങ്ങി 17 വർഷം കഴിഞ്ഞിട്ടും പണി പാതിവഴിയിലായ തുറമുഖം കാരണം മീൻപിടിത്തത്തൊഴിലാളികൾ പ്രയാസത്തിലാണ്.
പുലിമുട്ടിന്റെ ഒരുഭാഗത്തെ നിർമാണം പൂർത്തിയാകാത്തതിനാൽ കടലേറ്റത്തിലും വേലിയേറ്റസമയത്തും തുറമുഖത്തേക്ക് ശക്തമായ തിരമാലകൾക്കൊപ്പം മണൽ അടിച്ചുകയറുകയാണ്. തുറമുഖത്ത് മണൽ നിറഞ്ഞ് ആഴം കുറഞ്ഞതിനാൽ ബോട്ടുകൾക്ക് നങ്കൂരമിടാൻ കഴിയുന്നില്ല. പുലിമുട്ട് പൂർത്തിയാകാത്തതിനാൽ തിരമാലകൾ കാരണം നിർത്തിയിട്ട ബോട്ടുകൾ തമ്മിലിടിച്ച് നാശമുണ്ടാകുന്നു.
തുറമുഖപ്രദേശത്തും പരിസരത്തും കാട് നിറഞ്ഞതിനാൽ പാമ്പുകളുടെയും വന്യജീവികളുടെയും ശല്യമുണ്ട്. ഒരുകിലോമീറ്ററോളമുള്ള തീരത്തിന്റെ മുക്കാൽ കിലോമീറ്ററും കാടാണ്. ഇവിടെ ഇപ്പോൾ സമൂഹവിരുദ്ധരുടെ താവളവുമായി.
ഭയം കൂടാതെ മത്സ്യബന്ധത്തിന് പോകാൻ കഴിയാത്ത സാഹചര്യമാണ്. ഈ പ്രദേശത്ത് തെരുവുവിളക്കുകളും കുറവാണ്. മയക്കുമരുന്ന് വിപണനകേന്ദ്രമായും പ്രദേശം മാറി. രാത്രിയിൽ പുറത്തുനിന്നുള്ള മാലിന്യവും ഇവിടെയെത്തുന്നു.
#tag:
Mahe