പെരിങ്ങത്തൂർ : നിർദിഷ്ട ജലപാതയുടെ മാഹി-വളപട്ടണം രണ്ടാം ഭാഗം പദ്ധതിക്കുള്ള ഭൂമി ഏറ്റെടുക്കുന്നതിന്റെ പട്ടിക പ്രസിദ്ധീകരിച്ചു.തലശ്ശേരി വില്ലേജിൽ മണ്ണയാട് ദേശത്തിൽ ഉൾപ്പെട്ട ഭൂമിയുടെ വിശദാംശങ്ങളാണ് ഇപ്പോൾ അറിയിപ്പായിട്ട് വന്നത്. സാമൂഹിക പ്രത്യാഘാതപഠന റിപ്പോർട്ടിന്റെ സംക്ഷിപ്തരൂപവും നൽകിയിട്ടുണ്ട്. ഇത് ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്. മണ്ണയാട് ദേശത്തെ ഏകദേശം 5.9924 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടിവരിക. 49 കുടുംബങ്ങളെ പ്രത്യക്ഷമായി ബാധിക്കുന്നുണ്ട്. അറിയിപ്പ് പ്രകാരം 16 കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരും. ആറ് സ്ഥലം പുറമ്പോക്കിലും 22 സ്ഥലം സ്വകാര്യ ഭൂവുടമകളുടെതുമാണ്. ഇതിൽ നിലവും തോട്ടവും അസ്ഥിര പുഞ്ചയും ഉൾപ്പെടും. ഭൂമി ഏറ്റെടുക്കാനും സുതാര്യമായ നഷ്ടപരിഹാര നടപടികൾക്കും ലാൻഡ് അക്വിസിഷൻ തഹസിൽദാർക്കാണ് (കിഫ് ബി – 2) ചുമതല.ഭൂമി നഷ്ടപ്പെടുന്നവർക്ക് സമയബന്ധിതമായി പുനരധിവാസ ആനുകൂല്യങ്ങൾക്ക് ശുപാർശ ചെയ്തിട്ടുണ്ട്.
പദ്ധതി നടപ്പിലാകുമ്പോൾ ബാധിക്കുന്നവരുടെ ആശങ്കകൾ പരിഗണിച്ച് പരിസ്ഥിതി പഠന റിപ്പോർട്ടും വനംവകുപ്പിന്റെ അനുമതിയും ലഭ്യമാകുന്ന മുറയ്ക്ക് ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകും.ഏറ്റെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിലോ ഭൂരേഖ പുതുക്കലിലോ എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ച് 15 ദിവസത്തിനുള്ളിൽ അപേക്ഷകൾ സമർപ്പിക്കണമെന്നും നിർദേശമുണ്ട്.കോഴിക്കോട് ജില്ലാ അതിർത്തിയിൽ പണി പുരോഗമിക്കുന്നുനിർദിഷ്ട ജലപാതയുടെ നാവിഗേഷൻ ലോക്ക് നിർമാണം മയ്യഴിപ്പുഴയുടെ കോഴിക്കോട് ജില്ല അതിർത്തിയിൽ പുരോഗമിക്കുകയാണ്. മയ്യഴിപ്പുഴ വഴി ജലപാത കണ്ണൂരിലേക്ക് പ്രവേശിക്കുന്നതിന് മുന്നേ എടച്ചേരിയിലെ കരിങ്ങാലിമുക്കിലാണ് 30 കോടിയോളം രൂപ ചെലവിൽ വിപുലമായ നിയന്ത്രണസംവിധാനങ്ങൾ ഒരുങ്ങുന്നത്. കൃത്രിമ ജലപാത വഴി വരുന്ന യാനങ്ങളുടെ നീക്കവും ഉപ്പുവെള്ളത്തിന്റെ ഒഴുക്കും നിയന്ത്രിക്കാനുള്ള രീതിയിലാകും ഇവിടെ ലോക്ക് നിർമാണം. ഇപ്പോൾ മാഹിമുതൽ വളപട്ടണംവരെയുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ നടക്കുകയാണ്.