ന്യൂ മാഹി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾ ഇന്ന് (21/12/25) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭരണസമിതിയുടെ ആദ്യ യോഗം ചേരാനിരിക്കെ, പ്രദേശത്ത് രൂക്ഷമായ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് നാട്ടുകാർ.
ന്യൂ മാഹിയിലെ വിദ്യാർത്ഥികളും കാൽനടയാത്രികരും ഏറെ കാലമായി തെരുവുനായ്ക്കളുടെ ഭീഷണിയിലാണ്. പലയിടങ്ങളിലും റോഡിലിറങ്ങി നടക്കാൻ പോലും കഴിയാത്ത സാഹചര്യം നിലനിൽക്കുന്നു. പുതിയ ഭരണസമിതിയുടെ ആദ്യ തീരുമാനങ്ങളിൽ ഒന്നായി ഈ വിഷയം പരിഗണിക്കണമെന്നും, എബിസി (ABC) പദ്ധതി ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ ഊർജിതമാക്കി ജനങ്ങളുടെ ഭീതി അകറ്റാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നുമാണ് ജനങ്ങളുടെ പ്രധാന ആവശ്യം.
വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്കൂൾ പരിസരങ്ങളിലും പ്രധാന കവലകളിലും പ്രത്യേക നിരീക്ഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
