മാഹി: ആദ്യ കരിവണ്ടി ഓടിയ വേളയിൽ നിന്ന് ഏറെയൊന്നും വികാസം കൈവരിച്ചിട്ടില്ലാത്ത മാഹി റെയിൽവെ സ്റ്റേഷന് വികസനത്തിന്റെ പുതുമുഖം കൈവരുന്നു’ അമൃത് പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ പത്ത് കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുക. ഉത്തരകേരളത്തിലെ പ്രമുഖ വ്യാപാര ടൂറിസം കേന്ദ്രമായ പഴയ ഫ്രഞ്ച് അധീന പ്രദേശവുമായ മാഹിയുടെ പേരിലാണ് സ്റ്റേഷൻ അറിയപ്പെടുന്നതെങ്കിലും, കേരളത്തിലെ അഴിയൂർ പഞ്ചായത്തിലാണ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.
സ്റ്റേഷന്റെ മുൻഭാഗം ഗതകാല വാസ്തു ശിൽപ്പ ചാരുതയോടെ കമനീയമാക്കും. സ്റ്റേഷന്റെ വടക്ക് – തെക്ക് ഭാഗങ്ങളിൽ പാർക്കിങ്ങ് ഏരിയ വിപുലമാക്കും. വടക്ക് ഭാഗത്തെ സ്ഥലം ഉയർത്തി വെയിറ്റിങ്ങ് ഹാൾ പണിയും. രണ്ടാം പ്ലാറ്റ്ഫോം
വിപുലീകരിക്കുന്നതോടൊപ്പം മേൽക്കൂരയും വിപുലമാക്കും.ഈ പ്ലാറ്റ്ഫോമിലേക്ക് നേരിട്ട് പ്രവേശനം സാദ്ധ്യമാക്കും. പുതിയ കംഫർട്ട് സ്റ്റേഷനും നിർദ്ദേശമുണ്ട്. വിപുലമായ ജലസ്രോതസ്സായ റെയിൽവെ കുളം നവീകരിച്ച്, സുരക്ഷയൊരുക്കാനും, ആകർഷകമാക്കാനും പദ്ധതിയുണ്ട്. മയ്യഴി റെയിൽവെ സ്റ്റേഷന്റെ വികസനത്തിന് കേന്ദ്ര റെയിൽവെ മന്ത്രാലയത്തിൽ സമ്മർദ്ദം ചെലുത്തി വരികയാണെന്ന് ഇന്ത്യൻ റെയിൽവെ പാസഞ്ചേർസ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസും, സ്ഥലം എം.പി.കെ.മുരളീധരനും റെയിൽവെ സ്റ്റേഷൻ വികസന സമിതി അംഗങ്ങളേയും, പാസ്സഞ്ചേർസ് അസോസിയേഷൻ ഭാരവാഹികളേയും അറിയിച്ചിരുന്നു.