പള്ളൂർ: സബർമതി ട്രസ്റ്റിന്റെ നേതൃത്വത്തിൽ മൂന്നങ്ങാടിയിലെ സോഷ്യൽ ആന്റ് ബിഹേവിയറൽ ഹെൽത്ത് അക്കാഡമി, മാഹിയിലെ ഭിന്നശേഷിക്കാരുടെ അസോസിയേഷനായ ആപ്ത എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ഓണാഘോഷം –
പൂപ്പൊലി- 2023 ആഗസ്റ്റ് 13, 26,27 തീയ്യതികളിലായി നടക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ ഡോ.മഹേഷ് പള്ളൂർ അറിയിച്ചു. പൂപ്പൊലി 2023ന്റെ ഭാഗമായി ആഗസ്റ്റ് 13ന് ഞായറാഴ്ച ഇടയിൽ പീടികയിലെ ഗാന്ധി മെമ്മോറിയൽ ആർട്‌സ് ആന്റ് സ്പോർട്സ് ക്ലബ്ബ് മൈതാനത്തിൽ നടക്കുന്ന കായിക മത്സരം രാവിലെ 9 മണിക്ക് ആരംഭിക്കും. തുടർന്ന് മൂന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾ,
പൊതുജനങ്ങൾ, സ്ത്രീകൾ, എന്നിവർക്കായി ലമൺ ഇൻ സ്പൂൺ, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, മ്യുസിക്കൽ ചെയർ, ഉറിയടി, സുന്ദരിക്ക് പൊട്ടുതൊടൽ, ബലൂൺ വീർപ്പിക്കൽ, ബലൂൺ പൊട്ടിക്കൽ തുടങ്ങി നിരവധി മത്സരങ്ങൾ ഉണ്ടായിരിക്കുമെന്ന് കായിക വിഭാഗം കോർഡിനേറ്റർ രേഖ ഇ എം പറഞ്ഞു.
പൂപ്പൊലി 2023 ന്റെ ഭാഗമായി 26ന് രാവിലെ ട്രസ്റ്റ് ഓഫീസിൽ വച്ച് ട്രസ്റ്റിലെ മുതിർന്ന പൗരന്മാർ, ഇക്കഴിഞ്ഞ SSLC, പ്ലസ് ടു വിജയിച്ച ട്രസ്റ്റ് അംഗങ്ങൾ, ആപ്‌ത അംഗങ്ങൾ എന്നിവരുടെ മക്കളെ ആദരിക്കും. തുടർന്ന് സ്വരജതി മ്യുസിക് ബാന്റിന്റെ നേതൃത്വത്തിൽ ഉത്രാട സംഗതിക അരങ്ങേറുമെന്ന് കലാ വിഭാഗം കോർഡിനേറ്റർ ശിബേഷ് കുമാർ കരിയാട് പറഞ്ഞു. 27ന് രാവിലെ 11 മുതൽ മുതിർന്ന പൗരന്മാർക്കും ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവർ, കാഴ്ച വൈകല്യ൦, കേൾവി വൈകല്യ൦, അസ്ഥി വൈകല്യ൦ എന്നീ നാല് വിഭാഗങ്ങൾക്കായി പ്രത്യേക൦ പ്രത്യേക൦ ഗൃഹാങ്കണ
പൂക്കള മത്സരങ്ങൾ നടക്കുന്നതാണ് എന്ന് കോർഡിനേറ്റർ സപ്ന അനിൽ കുമാർ പറഞ്ഞു.
കായിക മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മത്സര ഇനം , പേര് , മൊബൈൽ നമ്പർ, സ്‌കൂളിന്റെ പേര് എന്നിവ 9447300389 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് 11 ന് വെള്ളിയാഴ്ച 5 മണിക്ക് മുമ്പായി അയക്കേണ്ടതാണ്. ഒരാൾക്ക് മൂന്ന് ഇനങ്ങളിൽ മാത്രമേ പങ്കെടുക്കാൻ സാധിക്കൂ. പൂക്കള മത്സരത്തിൽ പങ്കെടുക്കുന്ന ഭിന്നശേഷിക്കാർ 20ന് മുൻപായും പേര് തരേണ്ടതാണ് എന്ന് പൂപ്പൊലി കൺവീനർ ലീഗിന പി.വി അറിയിച്ചു. ട്രസ്റ്റ് ഭാരവാഹികൾ, ആപ്ത ഭാരവാഹികൾ, അക്കാഡമി പ്രതിനിധികൾ എന്നിവർ മാർഗനിർദ്ദേശങ്ങൾ നൽകി.