മാഹി: പന്തക്കൽ, ഇടയിൽ പീടിക, മൂലക്കടവ് എന്നീ സ്ഥലങ്ങളിൽ മാഹി പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച പൈപ്പ് പൊട്ടി കുടിവെള്ളം ഒഴുകിപ്പോകുന്നത് സ്ഥിരം സംഭവമായിരിക്കുകയാണ്.ഇത് കാരണം ഈ ഭാഗങ്ങളിൽ കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്.
അഞ്ചരക്കണ്ടി പുഴ വെള്ളം ശുചീകരിച്ച് കേരള വാട്ടർ അതോറിറ്റിയാണ് മാഹിക്ക് വാടകയിനത്തിൽ കുടി വെള്ളം വിതരണം ചെയ്യുന്നത്. പന്തക്കലിലെ ജലസംഭരണി തകർന്ന് വീണതിനാൽ അഞ്ചരക്കണ്ടിയിൽ നിന്ന് വലിയ പൈപ്പുകളിൽ നിന്ന് വരുന്ന വെള്ളം ടാങ്കിൽ വിടാതെ ചെറിയ പൈപ്പുകളിൽ നേരിട്ട് വെള്ളം തുറന്നു വിടുന്നതിനാൽ വെള്ളത്തിൻ്റെ മർദ്ദം കാരണം ചെറിയ സിമൻ്റ് പൈപ്പുകൾ പൊട്ടിപ്പോകുന്നതിനാലാണ് ഇങ്ങനെ വെള്ളം പാഴാവുന്നത്.സിമൻ്റ് പൈപ്പുകൾക്ക് 30 വർഷത്തെ പഴക്കവുമുണ്ട്.- മാഹി പൊതുമരാമത്ത് ജലവിഭാഗം ജീവനക്കാർ നിത്യേന പൈപ്പ് തോണ്ടി എടുത്ത് ഓട്ട അടക്കുന്ന പ്രവൃത്തിയിലാണ്.ജീവനക്കാർ കുറവുമാണ്. പുതിയ ജലസംഭരണി സ്ഥാപിച്ച് ഇതിലൂടെ വെള്ളമെത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
#tag:
Mahe