മാഹി:ചാലക്കര ശ്രീകലാ ഫർണിച്ചറിന് സമീപം നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ചെമ്പ്ര സ്വദേശികളായ യുവാക്കൾക്ക് നേരെ ആക്രമണം നടന്നതായി പരാതി. ആർ.എസ്.എസ് പ്രവർത്തകരായ യുവാക്കളെ ലക്ഷ്യമിട്ടാണ് സി.പി.എം പ്രവർത്തകരെന്ന് ആരോപിക്കപ്പെടുന്ന സംഘം അക്രമം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
ചാലക്കര കോഹിനൂരിലെ സുഹൃത്തിന്റെ സഹോദരിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് സംഭവം. ശ്രീകലാ ഫർണിച്ചർ ഷോപ്പിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന മോട്ടോർസൈക്കിളിൽ കയറാൻ ശ്രമിക്കുമ്പോൾ അനസ്, പ്രജിത്ത്, കണ്ണി വിജിത്ത്, ഷെലിൻ (ഷെല്ലു) എന്നിവർ ചേർന്ന് യുവാക്കളെ തടഞ്ഞുവെച്ച് അസഭ്യവാക്കുകൾ ഉപയോഗിച്ച് മർദിച്ചതായാണ് പരാതി.
പരാതി പ്രകാരം, പ്രതികളിൽ ഒരാൾ മരക്കഷ്ണം ഉപയോഗിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും യുവാക്കൾ സഞ്ചരിച്ച ഇരുചക്രവാഹനത്തിന് കേടുപാടുകൾ വരുത്താൻ ശ്രമിക്കുകയും ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ അഞ്ച് പേരെയും പള്ളൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.
ഇതിനു മുമ്പ് ആർ.എസ്.എസ്-ന്റെ 100-ാം വാർഷികവുമായി ബന്ധപ്പെട്ട് പള്ളൂർ–ഇരട്ടപിലാക്കൂൽ പ്രദേശങ്ങളിൽ വീടുകളിൽ സമ്പർക്കം ചെയ്യുന്ന പ്രവർത്തകരെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പള്ളൂർ മേഖലയിൽ രാഷ്ട്രീയ പ്രശ്നങ്ങളില്ലാത്ത സാഹചര്യത്തിലാണ് ഇത്തരം ആക്രമണം നടന്നതെന്നും ആരോപണമുണ്ട്.
സംഭവത്തിൽ ചാലക്കര സ്വദേശികളായ നാല് പേർക്കെതിരെ പള്ളൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അകാരണമായി തടഞ്ഞുവെക്കൽ, മർദനം, കൊലഭീഷണി, അസഭ്യഭാഷ പ്രയോഗം എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പള്ളൂർ മേഖലയിൽ സമാധാനാന്തരീക്ഷം തകർക്കുന്ന തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടു.