ന്യൂ മാഹി: റോഡ് നിർമ്മാണം അനിശ്ചിതമായി നീണ്ടുപോകുന്നതിനെത്തുടർന്ന് ജനജീവിതം ദുസ്സഹമായ സാഹചര്യത്തിൽ അധികൃതർക്കെതിരെ പ്രതിഷേധവുമായി പുന്നോൽ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി. ന്യൂ മാഹി പഞ്ചായത്തിലെ ഒന്നാം വാർഡിൽ റെയിൽവേ ഗേറ്റ് മുതൽ കരിക്കുന്നിലേക്ക് പോകുന്ന പ്രധാന റോഡിന്റെ നിർമ്മാണമാണ് മുടങ്ങിയിരിക്കുന്നത്.
സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അധികൃതർ മനപ്പൂർവ്വം പണി വൈകിപ്പിക്കുകയാണെന്ന് വാർഡ് മെമ്പർ ശഹദിയ മധുരിമയും മുസ്ലിം ലീഗ് പ്രവർത്തകരും ആരോപിച്ചു. കഴിഞ്ഞ വർഷം പൂർത്തിയാക്കേണ്ടിയിരുന്ന പ്രവൃത്തിയായിരുന്നു ഇത്. എന്നാൽ പഞ്ചായത്ത് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ കാരണം നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന ഈ വഴിയിൽ ഇപ്പോൾ സഞ്ചാരസ്വാതന്ത്ര്യം പോലും തടസ്സപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തട്ടിക്കൂട്ടി നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ റോഡിൽ വലിയ തോതിൽ പൊടിപടലങ്ങൾ ഉയരാൻ കാരണമാകുന്നുണ്ട്. ഇത് പ്രദേശവാസികൾക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായി പരാതിയുണ്ട്. പ്രശ്നത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പുന്നോൽ ശാഖ മുസ്ലിം ലീഗ് ഭാരവാഹികളായ എ.പി. അഫ്സൽ, പി. റഫീഖ്, അസ്കർ മധുരിമ എന്നിവർ പഞ്ചായത്ത് പ്രസിഡന്റിനെയും അസിസ്റ്റന്റ് എൻജിനീയറെയും കണ്ട് പ്രതിഷേധം അറിയിച്ചു. റോഡ് പണി എത്രയും വേഗം പൂർത്തിയാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
