തലശേരി:വേനൽ മഴയിലും ശക്തമായ കാറ്റിലും തലശേരി, മാഹി, മനേക്കര പ്രദേശങ്ങളിൽ പരക്കെ നാശം. ഞായർ രാത്രി ഏഴരയോടെ വീശിയടിച്ച കാറ്റാണ് ദുരിതമായത്. തെങ്ങും മരങ്ങളും വൈദ്യുതി ലൈനിന് മുകളിൽ മുറിഞ്ഞു വീണ് മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെട്ടു. മനേക്കര ബസ് ഷെൽട്ടറിന് സമീപം ഹൈടെൻഷൻ ലൈനിന് മുകളിൽ തെങ് മുറിഞ്ഞു വീണ് എട്ട് വൈദ്യുതി തൂണുകൾ തകർന്നു. റോഡിന് കുറുകെ വൈദ്യുതി തൂൺ പൊട്ടിവീണതിനാൽ തലശേരി-മനേക്കര റൂട്ടിൽ ഗതാഗതതടസ്സമുണ്ടായി. വാഹനങ്ങൾ മൂലക്കടവ് വഴിതിരിച്ചുവിട്ടു. പാനൂർ സെക്ഷനിലെ വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി റോഡിലെ തടസ്സം നീക്കി. പുതിയ വൈദ്യുതിത്തൂണുകൾ സ്ഥാപിച്ചു.
പള്ളൂർ ഇടയിൽ പീടിക റോഡിൽ മുത്തപ്പൻ ബസ്റ്റോപ്പിന് സമീപം ഹൈടെൻഷൻ ലൈനി ന്റെ മുകളിലത്തെ ഭാഗം പൊട്ടി. മാഹിയിലെ
വിവിധ പ്രദേശങ്ങളിൽ തെങ്ങും മരങ്ങളും മുറിഞ്ഞ് വീണ് വൈദ്യുതി ബന്ധം താറുമാറായി. കോയ്യോട്ടുതെരുവിൽ ലൈനിന് മുകളിൽ വീണ തെങ്ങ് അഗ്നിരക്ഷാസേന മുറിച്ചുമാറ്റി. ജീവനക്കാർ തിങ്കളാഴ്ച വൈകിട്ടോടെ വൈദ്യുതി പുനസ്ഥാപിച്ചു.
വൈദ്യുതിത്തൂണും ലൈനും മുറിഞ്ഞ പ്രദേശങ്ങളിൽ വിശ്രമരഹിതമായ പ്രവർത്തനമാണ് വൈദ്യുതി ജീവനക്കാർ നടത്തിയത്. തലശേരി കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിലെ 50 ഓടുകൾ പാറിപ്പോയി.