പെരിങ്ങാടി: അഞ്ച് പതിറ്റാണ്ടിലേറെയായി കാരുണ്യപ്രവർത്തന രംഗത്ത് സജീവമായ പെരിങ്ങാടി മുസ്ലിം റിലീഫ് കമ്മിറ്റിയുടെ ഈ വർഷത്തെ റമദാൻ കിറ്റ് വിതരണം നടന്നു. പെരിങ്ങാടിയിലെയും പരിസര പ്രദേശങ്ങളിലെയും അഗതികളും ആശ്രയമറ്റവരുമായ 235-ൽ പരം കുടുംബങ്ങൾക്കാണ് കിറ്റുകൾ എത്തിച്ചുനൽകിയത്.
കിഴക്കയിൽ സുലൈമാന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ടി.കെ. അബ്ദുൽ റഹൂഫ് ഉദ്ഘാടനം ചെയ്തു. 1970-കളിൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴിൽ സ്ഥാപിതമായ സംഘടനയുടെ ആദ്യകാല പ്രവർത്തനങ്ങളെക്കുറിച്ചും നാണയത്തുട്ടുകൾ ശേഖരിച്ച് റിലീഫ് പ്രവർത്തനം നടത്തിയിരുന്ന രീതിയെക്കുറിച്ചും അദ്ദേഹം അനുസ്മരിച്ചു.
ഭാരവാഹികളുടെ വിശദീകരണം:
57 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള കമ്മിറ്റിയിൽ നിന്ന് മൂന്ന് വർഷം മുമ്പ് പുറത്തുപോയ വ്യക്തി രൂപീകരിച്ച 'മുസ്ലിം റിലീഫ് ട്രസ്റ്റി'ന് നിലവിലെ കമ്മിറ്റിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഭാരവാഹികൾ ചടങ്ങിൽ വ്യക്തമാക്കി. 53 വർഷത്തെ പ്രവർത്തന പാരമ്പര്യം അവകാശപ്പെട്ട് നടക്കുന്ന അത്തരം പ്രചാരണങ്ങളിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അവർ അറിയിച്ചു.
ചടങ്ങിൽ ടി.ച്ച്. അസ്ലം സ്വാഗതവും സി.എച്ച്. ഹാരിസ് നന്ദിയും പറഞ്ഞു. വയലക്കണ്ടി റസാഖ് ഹാജി, താജു തായക്കണ്ടി, വള്ളിയിൽ നജീബ്, ബഷീർ ഏരത്ത്, കെ.കെ. ഷുഹൈൽ, വി.കെ. ഷറഫുദ്ദീൻ, അസ്നിൽ അബ്ദുൽ ഖാദർ, എൻ.കെ. യൂസഫ്, ടി. നിജാസ് തുടങ്ങിയവർ സംബന്ധിച്ചു.
