മാഹി: ദേശീയ പാതയിലൂടെ സഞ്ചരിക്കുന്നവർക്ക് മാഹിയിലെ പെട്രോൾ പമ്പിലെത്തുന്നവർ തലങ്ങും വിലങ്ങും വാഹനങ്ങൾ നിർത്തിയിടുന്നത് തീരാ ദുരിതം സൃഷ്ടിക്കുന്നു. ഇങ്ങനെ രൂപപ്പെടുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാവുന്നില്ലെന്നും ആക്ഷേപമുണ്ട്. രണ്ട് വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്ന് പോകാൻ കഴിയുന്ന ദേശീയ പാതയിൽ ഇന്ധനം നിറക്കാൻ വരി നിൽക്കുന്നത് തടയണമെന്നാണ് യാത്രികരുടെ പ്രധാന ആവശ്യം. ഗതാഗതക്കുരുക്ക് മൂലം പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപാരവും നടക്കുന്നില്ല. വാഹനങ്ങൾ നിയന്ത്രിക്കുന്നതിന് ആവശ്യമായ പൊലീസ് സംവിധാനമില്ലെങ്കിൽ പമ്പുകാരുടെ ഉത്തരവാദിത്വത്തിൽ സ്വകാര്യ സെക്യൂരിറ്റി സംവിധാന മൊരുക്കണം. യാത്രക്കാരുമായി പൊതു വാഹനങ്ങൾ പെട്രോൾ പമ്പുകളിൽ ചെന്ന് ഇന്ധനം നിറക്കുന്നത് തന്നെ നിയമ ലംഘനവുമാണ്. ആറ് പെട്രോൾ പമ്പുകളാണ് മാഹിയിലെ ഒന്നര കിലോമീറ്റർ ദൂരത്തിലുള്ളത്. തലശേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ വൺവേയിൽ പോവുമ്പോൾ കയറ്റത്തിലുള്ള രണ്ട് പമ്പുകളിൽ എത്തുന്ന വാഹനങ്ങൾ പകുതി റോഡിലും പകുതി പമ്പിലുമാണ് നിർത്തുന്നത്. ഈ രീതി തുടരുന്നതാണ് ഗതാഗത കുരുക്കിന് കാരണമാവുന്നതെന്ന് ആരോപണമുണ്ട്. ഇതേ അവസ്ഥ പൂഴിത്തലയിലെ പമ്പിലുമുണ്ട്. ഇത് കാരണം കയറ്റം കയറി വരുന്ന വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയാതെ പിന്നിൽ വാഹനങ്ങളടെ നീണ്ട നിര രൂപപ്പെടും. വലിയ ഇന്ധന ടാങ്കുകളുള്ള ലോറികളിൽ 32,000 രൂപക്കും കന്നാസുകളിൽ 10,000 രൂപക്കും അതിന് മുകളിലുള്ള തുകക്കും ഇന്ധനം നിറക്കുന്നവരോട് പെട്രോൾ പമ്പ് ജീവനക്കാർക്ക് തോന്നുന്ന മൃദു സമീപനമാണ് ഗതാഗത കുരുക്കിലേക്ക് നീങ്ങുന്നതെന്ന് നാട്ടുകാരിലൊരാൾ പറഞ്ഞു. ഡീസൽ നിറച്ച് ഇത്തരം വണ്ടികൾ പമ്പിൽ നിർത്തിയിടും. ഭക്ഷണവും മദ്യവും വാങ്ങാൻ ഡ്രൈവർ പോയാൽ അയാൾ തിരിച്ചു വരുന്നത് വരെ പമ്പിൽ നിർത്തിയിടും. ഒന്നിലേറെ വലിയ വാഹനങ്ങൾ പമ്പ് അങ്കണത്തിൽ കിടക്കുന്നത് പിറകെയെത്തുന്ന വാഹനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി നാട്ടുകാർ പറഞ്ഞു. മാഹി വഴി കടന്ന് പോകുന്ന ഒട്ടുമിക്ക വാഹനങ്ങളും ഇന്ധന വിലയിലെ ഇളവ് പ്രായോജനപ്പെടുത്താനായി പമ്പിൽ കയറും. പമ്പുകളിൽ തിരക്ക് നിയന്ത്രിക്കാനായി കുറച്ചു കാലം പൊലീസിനെ വിന്യസിച്ചിരുന്നെങ്കിലും തുടർന്നില്ല. പുതുച്ചേരി സർക്കാരിന് നികുതിയിനത്തിൽ ഏറെ വരുമാനമുണ്ടാകുന്നുണ്ടെങ്കിലും മാഹി ദേശീയ പാതയിലെ ആറ് പെട്രോൾ പമ്പുകളിലും തിരക്ക് നിയന്ത്രിക്കാൻ ഹോംഗാർഡിനെപ്പോലും നിയമിച്ചിട്ടില്ല. അഴിയൂർ ചുങ്കം മുതൽ പരിമഠം വരെ മാഹിക്കിരുവശവും ഗതാഗത കുരുക്ക് ഉണ്ടാകുമ്പോൾ ആംബുലൻസുകൾ ഉൾപ്പടെ കുരുക്കിൽ അകപ്പെടും. ചാലക്കര, പെരിങ്ങാടി ഭാഗത്തു നിന്നുള്ളവർക്ക് എന്തെങ്കിലും അസുഖം വന്ന് മാഹി ആശുപത്രിയിലേക്ക് പോവാനും കഴിയാത്ത അവസ്ഥയാണുണ്ടാവുക. ചിലപ്പോൾ ഗതാഗത കുരുക്കിൽ പെട്ട് ജീവൻ തന്നെ നഷ്ടപ്പെടുമെന്നും ജനങ്ങൾ ഭയപെടുന്നു. മാഹി പാലത്തിന് സമീപം ഗതാഗത കുരുക്കുണ്ടാകുമ്പോൾ ആ ഭാഗത്തെ ചെറുപ്പക്കാർ മുന്നോട്ട് വന്ന് പ്രശ്നം പരിഹരിക്കുന്നത് പോലെ മാഹിയിലും നടത്തണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്