സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി,പരാതികളുടെ പെരുമഴയുമായി മാഹി ഗവ. മിഡിൽ സ്കൂൾ

മയ്യഴി :സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കി. മാഹി ഗവ. മിഡിൽ സ്കൂൾ (അനെക്സ് സ്കൂൾ ) പരാധീനതകൾ കാരണം പൊറുതി മുട്ടുന്നു. സ്കൂൾ ചുമരുകളിൽ പെയിന്റ് ചെയ്തിട്ട് വർഷങ്ങളായി. മഴയൊന്ന് തിമർത്ത് പെയ്താൽ കെട്ടിടം ചോർന്നൊലിക്കും.
കോവിഡ് കാലത്ത് കോവിഡ് ആശുപത്രിയായി പ്രവർത്തിച്ചത് ഈ സ്കൂൾ കെട്ടിടമാണ്. അതിന്റെ അവശിഷ്ടങ്ങൾ സ്കൂൾ കോമ്പൗണ്ടിൽ ഇപ്പോഴുമുണ്ട്. രണ്ട് പ്ലാസ്റ്റിക് ശുചി മുറികൾ സ്കൂൾ ഗ്രൗണ്ടിലാണ് കിടക്കുന്നത്. പലതവണ അധ്യാപകരും രക്ഷിതാക്കളും അധികൃതരെ നേരിട്ടും രേഖാമൂലവും അറിയിച്ചിട്ടുണ്ട്. ശുചിമുറികൾ മാറ്റാനോ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാനോ ഉത്തരവാദപ്പെട്ടവർ തയ്യാറാകുന്നില്ല.
കുട്ടികൾ ഭക്ഷണം കഴിക്കുന്ന ഡൈനിങ് ഹാളിന്റെ നില പരിതാപകരമാണ്. കുട്ടികൾ നിന്ന് ഭക്ഷണം കഴിക്കേണ്ടി വരുന്നു എന്നു മാത്രമല്ല, ഹാൾ വൃത്തിഹീനവുമാണ്. ആവശ്യത്തിന് ലൈറ്റുകളോ ഫാനോ ഇല്ല.
350 ഓളം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണിത്. അഗ്നി രക്ഷാ സംവിധാനം തകരാറിലായിട്ട് മാസങ്ങളായി. കഴിഞ്ഞ അധ്യയന വർഷം മഴക്കാലത്ത് സ്കൂളിൽ വൈദ്യുതി ഷോർട്ട് സർക്യൂട്ട് കാരണം ദിവസങ്ങളോളം സ്കൂളിന് അവധി കൊടുത്ത സ്ഥിതിയുമുണ്ടായിട്ടുണ്ട്. നിലത്തും ചുമരിലും ഷോക്കേറ്റ സ്ഥിതിയുമുണ്ട്.

സ്കുളിലെ വൈദ്യുതി വിതരണ സംവിധാനത്തിലെ പോരായ്മ കാരണം തീപ്പിടിക്കുകയും മെയിൽ സ്വിച്ച് ഉൾപ്പെടെ കത്തിയിട്ടും അവ റിപ്പയർ ചെയ്യാനോ മാറ്റി സ്ഥാപിക്കാനോ ചെയ്യാത്ത അധികൃതരുടെ തടപടിയിൽ പ്രതിഷേധം ശക്തമാണ്. വൈദ്യുതി വകുപ്പിനെ ബന്ധപ്പെട്ടപ്പോൾ PWD യാണ് ചെയ്യേണ്ടതെന്നാണ് PTA ഭാരവാഹികളോട് പറഞ്ഞത്.
അഗ്നി രക്ഷാ സംവിധാനത്തിന്റെ കത്തിപ്പോയ മോട്ടോർ പുന:സ്ഥാപിക്കാത്ത അധികൃതരുടെ നടപടി പ്രതിഷേധാർഹമാണ്.
കെട്ടിടത്തിന്റെ മുകൾ നിലയിൽ പഴയ ഫർണിച്ചറിന്റെ അവശിഷ്ടങ്ങളും പഴകിയ ഇലക്ട്രിക്ക് ഉപകരണങ്ങളും കുന്ന് കൂട്ടിയിരിക്കുകയാണ്.. ശുചി മുറികളുടെ അവസ്ഥയും ശോചനീയമാണ്. സ്കൂൾ പരിസരം വൃത്തിയാക്കാനോ ആരുടെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടാവുന്നില്ല.
ക്ലാസ് മുറികളിൽ ആവശ്യത്തിന് ലൈറ്റോ ഫാനോ ഇല്ല. ഇരിക്കാനുള്ള ബഞ്ചും ഡെസ്കിന്റെയും അവസ്ഥയും വ്യത്യസ്തമല്ല. കഴിഞ്ഞ അധ്യയന വർഷം തകർന്ന ബെഞ്ചും ഡെസ്കും റിപ്പയർ ചെയ്താണ് അധ്യായനം നടത്തിയത്.
350 ഓളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ഒരു പുരുഷ കായികാധ്യാപകനും മുഴുവൻ വനിതാ ടീച്ചർമാരാണ് ഉള്ളത്.
മാഹി അഡ്മിനിസ്റ്റർ ഓഫീസിനും സിഇഒ ഓഫീസിനും വളരെ അടുത്തുള്ള ഈ വിദ്യാലയം അധികൃതരുടെ അവഗണനയിൽ മുരടിക്കുകയാണ്.
CBSE സംവിധാനത്തിലേക്ക് മാഹിയിലെ വിദ്യാലയങ്ങൾ കടക്കുമ്പോൾ മാഹിയിലെ ഈ സർക്കാർ വിദ്യാലയത്തിന് പറയാൻ പരിമിതികൾ മാത്രം.

*യൂണിഫോം*
*ഇതുവരെ കിട്ടിയിട്ടില്ല.*

കഴിഞ്ഞ അധ്യയന വർഷം വിതരണം ചെയ്യേണ്ടിയിരുന്ന വിദ്യാർത്ഥികളുടെ യൂണിഫോം ഒരു വർഷം കഴിഞ്ഞിട്ടും വിതരണം ചെയ്തിട്ടില്ല. തീരദേശങ്ങളിൽനിന്നുൾപ്പെടെ തൊഴിലാളികളുടെ കുടുംബങ്ങളിലെ വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നവരിൽ ബഹുഭൂരിപക്ഷവും.
പുതിയ അധ്യായന വർഷാരംഭത്തിൽ യൂണിഫോം കിട്ടുമെന്ന പ്രതീക്ഷയും ഇപ്പോൾ രക്ഷിതാക്കൾക്കില്ല. യൂണിഫോം വിതരണം ചെയ്യാൻ ഉദ്യോഗസ്ഥർക്കുമില്ല താത്പര്യം.

വളരെ പുതിയ വളരെ പഴയ