മാഹി: കഴിഞ്ഞ ദിവസങ്ങളിലെല്ലാം തണുത്ത മട്ടിൽ നടന്ന മാഹിയിലെ പടക്ക വ്യാപാരം ഇന്നലെ മുതൽ തിരക്ക് കൂടി – ഓൺലൈൻ വഴി തമിഴ് നാട് ശിവകാശിയിൽ നിന്ന് നേരിട്ട് പടക്കം എത്തുന്നതും, സാമ്പത്തിക മാന്ദ്യവും നിലനിൽക്കെ ഏപ്രിൽ 1ന് പടക്ക കടകൾ തുറന്നപ്പോൾ ഒരാഴ്ച്ച ക്കാലം പടക്കം തേടി മാഹിയിൽ എത്തിയവർ വിരളമായിരുന്നു
എന്നാൽ കോടതി ഇടപെടലോടെ ഓൺലൈൻ വ്യാപാരം നിയന്ത്രിച്ചതോടെയും, പല മേഖലകളിൽ. ജോലി ചെയ്യുന്നവർക്ക് വിഷു ബോണസ് ലഭിച്ചതോടെയുമാണ് പടക്ക കടകൾക്ക് ഉണർവ്വ് വന്നത്. വിദൂര പ്രദേശങ്ങളിൽ നിന്നും വാഹനവുമായി കൂട്ടമായി ആളുകൾ എത്തി തുടങ്ങി. പടക്ക കടയ്ക്ക് ചുറ്റും സുരക്ഷ വേലിയൊരുക്കിയ സ്ഥലത്ത് പടക്ക കടകളിൽ ആളുകൾ കൂട്ടമായി തിങ്ങി നിറഞ്ഞു നിൽക്കുന്ന കാഴ്‌ച്ചയാണ് മാഹിയിലെങ്ങും -തെക്കൻ കേരളത്തിൽ വേനൽ മഴ കനത്തെങ്കിലും ഇവിടെ മഴയില്ലാത്തതും വ്യാപാരികൾക്ക് അനുകൂല ഘടകമായി.
15 ന് വിഷുക്കണി ഒരുക്കി കാണികാണും ന്നേരം പൊട്ടിച്ച് തകർക്കുവാൻ മാലപ്പടക്കത്തിന് ആവശ്യക്കാർ ഏറെയാണ്. വിവിധ ബ്രാൻഡുകൾ 1000 എണ്ണം മാലപ്പടക്കത്തിന് 150 രൂപ മുതൽ 500 രൂപ വരെയാണ് വില – 2000 ,3000 എന്നീ മാലപ്പടക്കങ്ങൾക്കും വൻ ഡിമാൻഡാണ്. കമ്പിത്തിരി ,ചറപറ, പൂക്കുറ്റി, ഷോട്ട് എന്നീ ഇനങ്ങളും വില്ലന തകൃതിയായി നടക്കുന്നുണ്ട
മാഹി മേഖലയിൽ 10 ഓളം സ്ഥിരം ലൈസൻസുള്ള പടക്ക കടക്കൾക്ക് പുറമെ 40 ൽ പരം താത്ക്കാലിക ലൈസൻസികളുമാണ് കച്ചവടം പൊടിപൊടിക്കുന്നത്. പുതുച്ചേരി കലക്ടറാണ് താത്ക്കാലിക കടകൾക്ക് ലൈസൻസ് അനുവദിക്കുന്ന ത്. മാഹി ടൗണിനെ അപേക്ഷിച്ച് പന്തക്കലിലാണ് ഏറ്റവും കൂടുതൽ കടകൾ പ്രവർത്തിക്കുന്നത്. പള്ളുരിലും കുറവല്ല. പരീക്ഷ കഴിഞ്ഞ ശേഷം വേനൽ അവധി ആസ്വദിക്കുന്ന 18 വയസ് തികഞ്ഞ കുട്ടികളാണ് പടക്ക കടകളിലെ സെയിൽസ് ഹീറോകൾ – ഇനിയുള്ള 4 ദിവസം വൻ തിരക്കാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.