ചാലക്കര : തകർന്ന് കിടക്കുന്ന ചാലക്കര വയൽ-പുന്നോൽ കുറിച്ചിയിൽ റോഡിലെ വാഹന യാത്ര നാട്ടുകാർക്ക് ദുരിതയാത്രയായി മാറുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡിലെ ഇളകിയ കരിങ്കല്ലുകൾ വാഹനങ്ങൾ കടന്നു പോകുമ്പോൾ തെറിച്ചു വീണ് കാൽനടയാത്രികർക്കും സമീപത്തെ വീടുകളിലുള്ളവർക്കും പരിക്ക് പറ്റിയ സംഭവങ്ങളുണ്ടായി. കല്ലുകൾ തെറിച്ച് റോഡരികിലെ വീട്ട് ജനലുകളുടെ ചില്ലുകൾ പൊട്ടുകയുമുണ്ടായി. സ്കൂൾ വാഹനങ്ങളും മിനിലോറികളുമടക്കം ദിവസേന നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്നതാണീ ഒരു കിലോമീറ്ററോളം നീളമുള്ള മാഹി മുൻസിപ്പൽ റോഡ്. ഒട്ടേറെ സ്ഥലങ്ങളിൽ റോഡ് തകർന്ന് കരിങ്കല്ലുകൾ ഇളകി വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഇത് കാരണം ഓട്ടോറിക്ഷകൾ ഈ റോഡിലൂടെ പോകാൻ മടിക്കുകയാണ്. ഇതിന് സമീപത്തെ 200 മീറ്റർ നീളമുള്ള പി.എം.ടി.ഷെഡ് – അൽഫാ വൺ റോഡും തകർന്നു കിടക്കുകയാണ്. മൂന്ന് വർഷം മുൻപ് ടാർ ചെയ്തതാണീ റോഡുകൾ. മഴക്കാലത്ത് റോഡിൽ വൻതോതിലുള്ള വെള്ളക്കെട്ടുണ്ടാവുക പതിവാണ്. വെള്ളക്കെട്ട് കാരണയാണ് റോഡുകൾ പെട്ടെന്ന് പൊട്ടിത്തകർന്നത്. മാഹി മേഖലയിലെ ഒട്ടേറെ മുൻസിപ്പൽ റോഡുകളുടെ നവീകരണവും ടാറിങ്ങും ഇപ്പോൾ നടന്നു വരുന്നുണ്ട്. എന്നാൽ രണ്ട് വർഷമായി ശോചനീയമായ അവസ്ഥയിലുള്ള ഈ റോഡിനെ അവഗണിച്ചതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. അടിയന്തര അറ്റകുറ്റപ്പണി നടത്തി റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനും സംവിധാനം ഉണ്ടാക്കണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് പ്രദേശവാസികളുടെ കൂട്ടായ്മ രമേശ് പറമ്പത്ത് എം.എൽ.എ, റീജണൽ അഡ്മിനിസ്‌ട്രേറ്റർ, മാഹി നഗരസഭാധികൃതർ എന്നിവർക്ക് നിവേദനം നൽകി. അഡ്വ.എ.പി.അശോകൻ, സത്യൻ കേളോത്ത്, സത്യൻ കുനിയിൽ എന്നിവരാണ് നിവേദനം നൽകിയത്.