ദീപാവലി ആത്മാവിനെ തൊട്ടുണർത്തുന്ന ആഘോഷം: കലൈമാമണി ചാലക്കര പുരുഷു

 മാഹി: നാദവും പ്രകാശവും ഒന്നിക്കുന്ന ദീപാവലി ഭാരതീയ സംസ്കാരത്തിന്റെ ആത്മാവിനെ തൊട്ടുണർത്തുന്ന ആഘോഷമാണെന്ന് കലൈമാമണി ചാലക്കര പുരുഷു അഭിപ്രായപ്പെട്ടു. സ്നേഹത്തിന്റെ വെളിച്ചം പരത്തുമ്പോഴാണ് ആത്മീയ ചൈതന്യം ഉറവപൊട്ടുന്നതെന്നും ആനന്ദത്തിന്റെ പുതിയ ലോകം തുറക്കപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജപ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ 34-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മാഹി സി എച്ച് ഗംഗാധരൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മുത്തുസ്വാമി ദീക്ഷിതർ സംഗീതോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി എച്ച് ഗംഗാധരൻ ഹാളിലും ആനവാതുക്കൽ ക്ഷേത്രസന്നിധിയിലുമായാണ് സംഗീതോത്സവം സംഘടിപ്പിച്ചത്. ചടങ്ങിൽ അഡ്വ ഇ നാരായണൻ നായർ അധ്യക്ഷത വഹിച്ചു. രേഷ്മ മാഹി, പി എം ഷൈജു, ഷീല ടീച്ചർ, സപ്ന വിജീഷ്, പ്രേംകുമാർ ലോകനാർകാവ്, പി ആനന്ദൻ, സുരേഷ് ബാബു മാഹി, രാജേഷ് വടകര എന്നിവർ സംസാരിച്ചു. ഇ ടി കെ പ്രഭാകരൻ സ്വാഗതവും കെ എം പ്രദീപൻ നന്ദിയും പറഞ്ഞു.

സംഗീതോത്സവത്തിന്റെ ഭാഗമായി 25 ലേറെ ദീക്ഷിതർ കൃതികൾ ഗുരു ജയൻ മാസ്റ്ററും കുട്ടികളും ചേർന്ന് അവതരിപ്പിച്ചു. തുടർന്ന് ആനവാതുക്കൽ ക്ഷേത്രത്തിൽ സംഗീതാചാര്യൻ യു ജയൻ മാസ്റ്ററുടെ സംഗീത കച്ചേരിയും അരങ്ങേറി. തുടർന്ന് ദൈവദശകം, പഞ്ചരത്ന കീർത്തനാലാപനം, ഭക്തിഗാനാമൃതം, സംഗീതാരാധന, വാദ്യവൃന്ദം എന്നിവയും നടന്നു.


വളരെ പുതിയ വളരെ പഴയ