പുതുച്ചേരിയിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മയക്കുമരുന്ന് വിരുദ്ധ സമിതികൾ രൂപീകരിക്കും


പുതുച്ചേരി: സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മയക്കുമരുന്ന് വിരുദ്ധ സമിതികൾ രൂപീകരിക്കുമെന്ന് സാമൂഹികക്ഷേമ മന്ത്രി വി.പി. ശിവകൊഴുന്തു അറിയിച്ചു. ന്യൂഡൽഹിയിൽ നടന്ന ദേശീയതല 'സംവേഷി നീതി സങ്കൽപ്പ്' സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പുതുച്ചേരിയിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി സമയബന്ധിതമായി അഞ്ച് പ്രധാന കർമ്മപദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത്. 2026 ഡിസംബർ മുതൽ 2028 മാർച്ച് വരെയുള്ള കാലയളവിൽ പദ്ധതികൾ ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

പ്രധാന കർമ്മപദ്ധതികൾ:

 * വിദ്യാർത്ഥി സമിതികളും ബോധവൽക്കരണവും: സ്കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള മയക്കുമരുന്ന് വിരുദ്ധ സംഘങ്ങളും യൂത്ത് അംബാസഡർ പദ്ധതിയും വിപുലീകരിക്കും. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണവും ജീവിതനൈപുണ്യ വിദ്യാഭ്യാസവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും.

 * കൗൺസിലിംഗും ചികിത്സയും: പരിശീലനം ലഭിച്ച കൗൺസിലർമാരുടെ എണ്ണം വർധിപ്പിക്കുകയും മാനസികാരോഗ്യ സേവനങ്ങളും ലഹരിവിമുക്ത ചികിത്സാ സംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും.

 * പുനരധിവാസം: കായിക മത്സരങ്ങൾ, കലാപരിപാടികൾ എന്നിവയിലൂടെ യുവാക്കളെയും ലഹരിയിൽനിന്ന് മുക്തി നേടിയവരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരും.

 * ഡിജിറ്റൽ നിരീക്ഷണം: ലഹരിവിമുക്തി കേന്ദ്രങ്ങളുടെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കുന്നതിനായി ജില്ലാതല ഡിജിറ്റൽ മോണിറ്ററിംഗ് സംവിധാനവും ഏർപ്പെടുത്തും.



വളരെ പുതിയ വളരെ പഴയ