അടിപ്പാത വിഷയത്തിൽ തീരുമാനമായില്ല; ചോമ്പാല മുക്കാളി ഹാർബർ റോഡിൽ നിർമ്മാണ പ്രവൃത്തികൾ സമരസമിതി തടഞ്ഞു


ചോമ്പാല: മുക്കാളി ഹാർബർ റോഡിൽ ദേശീയപാതയിൽ അടിപ്പാത വേണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ നടന്ന ചർച്ചയുടെയും സ്ഥലപരിശോധനയുടെയും തീരുമാനം വരുന്നതിന് മുൻപ് റോഡ് നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചത് സമരസമിതി തടഞ്ഞു. കഴിഞ്ഞ 150 ദിവസമായി അടിപ്പാത ആവശ്യപ്പെട്ട് പ്രദേശത്ത് പന്തൽകെട്ടി പ്രതിഷേധ സമരം നടന്നുവരികയാണ്.

ഇന്നലെ ഉച്ചയോടെ ജെ.സി.ബിയും ലോറിയും എത്തിച്ച് മണ്ണെടുപ്പ് ആരംഭിച്ചതോടെയാണ് പ്രതിഷേധക്കാർ ഇടപെട്ടത്. വിവരമറിഞ്ഞ് കെ.കെ. രമ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനർ എം.പി. ബാബു, ബ്ലോക്ക് അംഗം ജലജ വിനോദ്, വാർഡ് അംഗം അനിത പിലാക്കണ്ടി, റോഡ് നിർമ്മാണ കമ്പനി പ്രതിനിധികൾ എന്നിവർ സ്ഥലത്തെത്തി.

അടിപ്പാതയുടെ കാര്യത്തിൽ അന്തിമ തീരുമാനമാകാതെ നിർമ്മാണ പ്രവൃത്തികൾ തുടങ്ങേണ്ടതില്ലെന്ന പൊതുധാരണയിലാണ് ചർച്ചയ്ക്ക് ശേഷം എല്ലാവരും പിരിഞ്ഞുപോയത്. തുടർന്ന് സമരപ്പന്തലിൽ ചേർന്ന യോഗത്തിൽ കെ.കെ. രമ എം.എൽ.എ, കോട്ടയിൽ രാധാകൃഷ്ണൻ, എം.പി. ബാബു, ജലജ വിനോദ്, അനിത പിലാക്കണ്ടി, എം.വി. ജയപ്രകാശ്, എ. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.



വളരെ പുതിയ വളരെ പഴയ