മാഹിയിൽ അർഹതപ്പെട്ട 65 കുടുംബങ്ങളുടെ റേഷൻ കാർഡുകൾ നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ


മാഹി: അർഹതപ്പെട്ട 65 കുടുംബങ്ങളുടെ റേഷൻ കാർഡുകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ നീക്കം ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പള്ളൂർ, മാഹി മേഖലാ കമ്മിറ്റികൾ സിവിൽ സപ്ലൈസ് ഓഫീസറെ കണ്ട് പരാതി നൽകി.

മുന്നറിയിപ്പൊന്നും നൽകാതെ കേവലം ഒരു പത്രവാർത്ത മാത്രം നൽകിയാണ് പാവപ്പെട്ട കുടുംബങ്ങളുടെ റേഷൻ കാർഡുകൾ അധികൃതർ തടഞ്ഞുവെച്ചതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. ഈ വിവരം കാർഡ് ഉടമകളെ കൃത്യമായി അറിയിക്കാൻ പോലും ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ ജനങ്ങൾ വലിയ ദുരിതത്തിലാണ്. മാഹിയിലെ വിവിധ സർക്കാർ ഓഫീസുകളിൽ നിരവധി തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും, ഇവ നികത്താൻ സർക്കാർ തയ്യാറാകാത്തത് ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പാവപ്പെട്ട കുടുംബങ്ങളുടെ റേഷൻ ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്ന പുതുച്ചേരിയിലെ ബി.ജെ.പി - എൻ.ആർ. കോൺഗ്രസ് സർക്കാരിന്റെ നടപടി പിൻവലിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ചുവപ്പ് റേഷൻ കാർഡിന് അർഹരായ മുഴുവൻ കുടുംബങ്ങളെയും പട്ടികയിൽ ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ ഉറപ്പുവരുത്തണമെന്നും, അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഡി.വൈ.എഫ്.ഐ നേതാക്കൾ മുന്നറിയിപ്പ് നൽകി.



വളരെ പുതിയ വളരെ പഴയ