ന്യൂ മാഹി പെരിങ്ങാടി റെയിൽവേ ലെവൽ ക്രോസിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനും യാത്രാദുരിതത്തിനും പരിഹാരം കാണുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കർമ്മസമിതി ഭാരവാഹികൾ കെ. സുധാകരൻ എം.പിക്ക് നിവേദനം നൽകി. പതിറ്റാണ്ടുകളായി ന്യൂ മാഹി - ചൊക്ലി പൊതുമരാമത്ത് റോഡിലെ പെരിങ്ങാടി റെയിൽവേ ഗേറ്റിൽ യാത്രാക്ലേശം രൂക്ഷമായി തുടരുകയാണ്.
തലശ്ശേരി - മാഹി ബൈപാസ് യാഥാർത്ഥ്യമായതോടെ ഈ മേഖലയിൽ വാഹനഗതാഗതം വലിയ തോതിൽ വർദ്ധിക്കുകയും ഗതാഗതക്കുരുക്ക് അതിരൂക്ഷമാകുകയും ചെയ്തു. മാഹി റെയിൽവേ സ്റ്റേഷന് വളരെ അടുത്ത് കിടക്കുന്ന ഈ ഗേറ്റിൽ മൂന്നും ഞാലും തീവണ്ടികൾ കടന്നുപോകുന്നത് വരെ ഗേറ്റ് അടഞ്ഞു കിടക്കുന്നതിനാൽ അരമണിക്കൂറിലെയൊക്കെയേ സമയം ഗതാഗത തടസ്സം ഉണ്ടാകുന്നുണ്ട്. ഇതിന് പരിഹാരം തേടിയാണ് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി കർമ്മസമിതി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചത്.
ഇതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ നിന്നുള്ള എം.പിമാരെ സന്ദർശിച്ച് വിവരം ധരിപ്പിച്ച് നിവേദനം നൽകുന്നതിന്റെ ഭാഗമായാണ് കെ. സുധാകരൻ എം.പിയെ സന്ദർശിച്ച് നിവേദനം നൽകിയത്. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിതൻ, ജനകീയ കമ്മിറ്റിയുടെ ജനറൽ കൺവീനറും ഗ്രാമപഞ്ചായത്ത് അംഗവുമായ ടി.എച്ച്. അസ്ലം എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.എ. ഷമ്മിരാജ്, പഞ്ചായത്ത് അംഗങ്ങളായ പി.കെ. സുനിത, എ.സി. രേഷ്മ, വി.കെ. അനീഷ് ബാബു, സാരീത് പെരിങ്ങാടി, ഷാനു പുന്നോൽ എന്നിവരും ചേർന്നിട്ടാണ് നിവേദനം സമർപ്പിച്ചത്.
