ന്യൂ മാഹി: ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ ഒന്നും പതിനാലും വാർഡുകളിൽ തെരുവുനായ ആക്രമണത്തിൽ എട്ടുപേർക്ക് കടിയേറ്റ സംഭവത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി അധികൃതർക്ക് നിവേദനം നൽകി. ഒക്ടോബർ 21-നുണ്ടായ സംഭവത്തിൽ പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
പ്രദേശത്ത് നായയുടെ കടിയേറ്റ മറ്റു മൃഗങ്ങൾക്ക് അടിയന്തരമായി വാക്സിനേഷൻ ലഭ്യമാക്കണമെന്നും ഇരയായവർക്ക് ചികിത്സാ സഹായം നൽകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. വിഷയം മുൻപ് ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെന്ന് നേതാക്കൾ ആരോപിച്ചു. അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരം ആരംഭിക്കുമെന്നും മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളായ തഷ്‌രീഫ് ഉസ്സൻമൊട്ട, ഷാഹിദ് എം. എന്നിവർ മുന്നറിയിപ്പ് നൽകി.
