മാഹി: പുതുച്ചേരി സർക്കാർ വകുപ്പുകളിലെ 20,000 ജീവനക്കാർക്ക് ദീപാവലി ബോണസ് അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗങ്ങളിലെ ഗസറ്റഡ് പദവിയില്ലാത്ത ജീവനക്കാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 30 ദിവസത്തെ ശമ്പളത്തിന് തുല്യമായ തുകയോ അല്ലെങ്കിൽ പരമാവധി 6,908 രൂപയോ ആണ് ബോണസായി നൽകുക. 2026 മാർച്ച് 31-ന് സർവീസിലുണ്ടായിരിക്കണമെന്നും 2025–26 സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് ആറുമാസം തുടർച്ചയായി ജോലി ചെയ്തിരിക്കണമെന്നുമാണ് പ്രധാന വ്യവസ്ഥ. ആറുമാസത്തിൽ താഴെ സേവനമുള്ളവർക്ക് ആനുപാതികമായ ബോണസ് നൽകും.
നിശ്ചിത സേവനദിനങ്ങൾ പൂർത്തിയാക്കിയ താൽക്കാലിക, ദിവസവേതന, ഏകീകൃത വേതന ജീവനക്കാർക്കും ബോണസിന് അർഹതയുണ്ട്. ആറുദിവസത്തെ പ്രവൃത്തിവാരമുള്ള സ്ഥാപനങ്ങളിൽ 240 ദിവസവും അഞ്ചുദിവസത്തെ പ്രവൃത്തിവാരമുള്ള സ്ഥാപനങ്ങളിൽ 206 ദിവസവും ജോലി ചെയ്തിരിക്കണം. ഇത്തരത്തിൽ അർഹരായ താൽക്കാലിക ജീവനക്കാർക്ക് 1,184 രൂപയാണ് ബോണസായി ലഭിക്കുക.
