മാഹി സെന്റ് തെരേസാ ബസിലിക്കയിലെ തിരുനാളിനോടനുബന്ധിച്ച് നടന്ന നഗരപ്രദക്ഷിണം വിവിധ മതവിഭാഗങ്ങളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ദീപാലംകൃതമായ രഥത്തിൽ വിശുദ്ധയുടെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണത്തിന് മയ്യഴിയുടെ തെരുവുകളിൽ ആയിരങ്ങളാണ് അണിനിരന്നത്.
തിരുനാൾ ജാഗരദിനമായ ഇന്നലെ രാത്രി ഏഴോടെ ആരംഭിച്ച പ്രദക്ഷിണം ബാൻഡ് മേളത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയാണ് നഗരത്തിലൂടെ നീങ്ങിയത്. കുരിശുവാഹകരും മറ്റു വിശ്വാസികളും പ്രദക്ഷിണത്തിന് മുന്നിലും പിന്നിലുമായി അണിനിരന്നു. മെഴുകുതിരികളേന്തി പ്രാർഥനകളോടെ പങ്കുചേർന്ന വിശ്വാസികൾ രാത്രി വൈകിയും പ്രദക്ഷിണത്തെ അനുഗമിച്ചു. മുണ്ടോക്ക്, കെ ടി സി ജങ്ഷനുകൾ, പോലീസ് സ്റ്റേഷൻ പരിസരം, ടാഗോർ പാർക്ക്, മൈതാനം റോഡ്, ആശുപത്രി ജങ്ഷൻ, പാറക്കൽ പൂഴിത്തല റോഡ്, ചൂടിക്കോട്ട, ലാഫാർമ്മ റോഡ് തുടങ്ങിയ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച പ്രദക്ഷിണം രാത്രി പന്ത്രണ്ടോടെ ബസിലിക്കയിൽ സമാപിച്ചു.
മാഹി ഗവൺമെന്റ് ഓഫീസിൽ എത്തിയ തിരുസ്വരൂപത്തിൽ റീജണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ എ എസ് പുഷ്പമാല ചാർത്തി ആദരമർപ്പിച്ചു. കുറുമ്പ ഭഗവതി ക്ഷേത്രം, മാഹി ശ്രീകൃഷ്ണ ക്ഷേത്രം, വേണുഗോപാലാലയ ക്ഷേത്രം എന്നിവിടങ്ങളിലും വിശുദ്ധയ്ക്ക് സ്വീകരണം നൽകി. ക്ഷേത്രങ്ങളിലെ പൂജാരിമാർ തിരുസ്വരൂപത്തിൽ പുഷ്പമാല ചാർത്തിയതോടെ നഗരപ്രദക്ഷിണം മതസൗഹാർദത്തിന്റെ സന്ദേശം പകരുന്ന ചടങ്ങായി മാറി.
ഇതിനുമുന്നോടിയായി ബസിലിക്കയിൽ നടന്ന ആഘോഷമായ ദിവ്യബലിക്ക് കോഴിക്കോട് അതിരൂപത വികാരി ജനറൽ മോൺ ഡോ ജെൻസൺ പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. തിരുനാൾ ദിനങ്ങളിലെ തിരക്ക് കണക്കിലെടുത്ത് പുതുച്ചേരി പോലീസ് നഗരത്തിൽ സുരക്ഷ ശക്തമാക്കുകയും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. പ്രധാന തിരുനാൾ ദിനമായ ഇന്ന് പുലർച്ചെ ഉരുൾനേർച്ചയും ശയനപ്രദക്ഷിണവും നടന്നു. രാവിലെ പത്തരയ്ക്ക് കോഴിക്കോട് അതിരൂപത മെത്രാപ്പൊലീത്ത ഡോ വർഗീസ് ചക്കാലക്കലിന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിക്കും. വൈകിട്ട് അഞ്ചിന് മേരി മാതാ കമ്യൂണിറ്റി ഹാളിൽ മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയിൽ സ്നേഹസംഗമം നടക്കും.
