മാഹി: വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികൾക്ക് കളിക്കാൻ മൈതാനമില്ലാത്ത പ്രതിസന്ധിക്ക് പരിഹാരമായി നൂതന ആശയവുമായി മാഹി മേഖലാ ശാസ്ത്രമേളയിൽ കായികാദ്ധ്യാപകന്റെ പ്രദർശനം. സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് കായിക പരിശീലനത്തിനും കളികൾക്കുമായി മതിയായ മൈതാനങ്ങളില്ലെന്ന യാഥാർത്ഥ്യം തുറന്നുകാട്ടിയാണ് സജീന്ദ്രൻ മാസ്റ്റർ ശ്രദ്ധേയമായ മാതൃക അവതരിപ്പിച്ചത്.
മാഹിയിലെ പ്രൈമറി തലം മുതൽ ഹയർസെക്കൻഡറി വരെയുള്ള മുപ്പതോളം വിദ്യാലയങ്ങളിൽ കേവലം മൂന്നെണ്ണത്തിൽ മാത്രമാണ് കളിസ്ഥലമുള്ളത്. അതായത് പത്ത് ശതമാനം സ്കൂളുകളിൽ മാത്രമാണ് നിലവിൽ ഈ സൗകര്യമുള്ളത്. വിദേശ രാജ്യങ്ങളിൽ ആറു മുതൽ പത്ത് വയസ്സ് വരെയുള്ള കുട്ടികളെ കണ്ടെത്തി ശാസ്ത്രീയ പഠനം നടത്തി പരിശീലനം നൽകി ഒളിംപിക്സ് പോലുള്ള വലിയ മേളകൾക്കായി ഒരുക്കുമ്പോഴാണ് നമ്മുടെ നാട്ടിൽ പ്രൈമറി സ്കൂളുകൾക്ക് പോലും മൈതാനമില്ലാത്ത അവസ്ഥയുള്ളത്. കായിക വിദ്യാഭ്യാസം ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും വൈകാരികവും സാമൂഹികവുമായ ഉന്നതിയാണ് ലക്ഷ്യമിടുന്നത്.
സ്പോർട്സും സയൻസും തമ്മിലുള്ള അഭേദ്യമായ ബന്ധം വ്യക്തമാക്കുന്നതോടൊപ്പം കായികവികസനത്തിന് അടിസ്ഥാന സൗകര്യങ്ങൾ എത്രത്തോളം അനിവാര്യമാണെന്നും ഈ പ്രദർശനം ചൂണ്ടിക്കാട്ടുന്നു. സ്ഥലസൗകര്യം പരിമിതമായ മാഹിയിലെ സ്കൂൾ കെട്ടിടങ്ങളുടെ മുകൾഭാഗത്ത് സുരക്ഷിതമായ റൂഫ്ടോപ്പ് ടർഫുകൾ നിർമ്മിച്ച് വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം നൽകാനാവുമെന്ന പ്രായോഗിക നിർദേശവും മൾട്ടി ലെവൽ സ്റ്റേഡിയത്തിന്റെ മാതൃകയുമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. കായികരംഗത്തെ വളർച്ചയ്ക്ക് പ്രതിഭയ്ക്ക് പുറമേ അടിസ്ഥാന സൗകര്യങ്ങളും അത്യാവശ്യമാണെന്ന സന്ദേശമാണ് ഈ പ്രദർശനം നൽകുന്നത്. മാഹിയിലെ വിദ്യാർത്ഥികളുടെ കായികഭാവിയെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകൾക്ക് ഈ വേറിട്ട ആശയം തുടക്കം കുറിച്ചിരിക്കുകയാണ്.
