മാഹി: മൂലക്കടവ് കമ്പിപ്പാലത്തിന് സമീപമുള്ള ഇംഗ്ലീഷ് മരുന്ന് ഷോപ്പിൽ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ലഹരി ഗുളികകൾ വിൽപ്പന നടത്തുന്നത് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ തടഞ്ഞു. സംഭവത്തിൽ കടയിലെ സെയിൽസ്മാൻമാരെയും കണ്ടെടുത്ത മരുന്നുകളും പന്തക്കൽ പൊലീസിന് കൈമാറി.
പ്രദേശവാസിയായ കുട്ടിയുടെ പക്കൽ നിന്നും ലഹരി ഗുളിക കണ്ടെത്തിയതിനെ തുടർന്ന് പള്ളൂർ മേഖല ഡി.വൈ.എഫ്.ഐ. നടത്തിയ പരിശോധനയിലാണ് മരുന്ന് വിൽപ്പന കണ്ടെത്തിയത്. കുറിപ്പടിയില്ലാതെ മരുന്ന് വാങ്ങാൻ ആളെയയച്ച് ഉറപ്പുവരുത്തിയ ശേഷമായിരുന്നു പ്രതിഷേധം. പിടിച്ചെടുത്ത ഗുളികകൾ വിദഗ്ധ പരിശോധനയ്ക്കയച്ച ശേഷം ബാക്കി നിയമനടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു. ലഹരി മാഫിയക്കെതിരെ ശക്തമായ പ്രതിരോധം തുടരുമെന്ന് ഡി.വൈ.എഫ്.ഐ. നേതൃത്വം വ്യക്തമാക്കി.
