മാഹി: കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കുകയും വീരപുരുഷന്മാരായി ആദരിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം മാറണമെന്ന് വടകര എം. എൽ. എ. കെ. കെ. രമ പ്രസ്താവിച്ചു. കുറ്റകൃത്യങ്ങളുടെ ഇരകളാക്കപ്പെട്ടവർക്ക് അർഹമായ നീതി ഉറപ്പാക്കുന്ന സംവിധാനമാണ് ഉണ്ടാകേണ്ടത്. കേരള സർക്കാറിന്റെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിതനായ പെരിങ്ങാടി സ്വദേശി അഡ്വ. ടി. ആസഫലിക്ക് മയ്യഴിയിലെ സുഹൃദ്സംഘം സബർമതി ഇന്നൊവേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നൽകിയ പൗരസ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ആസഫലിയുടെ നീതിബോധവും മനുഷ്യസ്നേഹവും വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും ലഭിച്ച പദവി ഏറ്റവും മികച്ച രീതിയിൽ വിനിയോഗിച്ച് നീതിക്കുവേണ്ടി പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിയട്ടെയെന്നും കെ. കെ. രമ ആശംസിച്ചു.
മാഹി കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ പുതുച്ചേരി ആഭ്യന്തരമന്ത്രി ഇ. വത്സരാജ് അധ്യക്ഷത വഹിച്ചു. മാഹി മുൻ എം. എൽ. എ. രമേഷ് പറമ്പത്ത് മുഖ്യപ്രഭാഷണം നടത്തി. സബർമതി ഇന്നൊവേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ ചെയർമാൻ പി. സി. ദിവാനന്ദൻ സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ സജിത് നാരായണൻ നന്ദിയും പറഞ്ഞു. അഡ്വ. എ. പി. അശോകൻ, അനിൽ കുമാർ കെ. കെ. എന്നിവർ സംസാരിച്ചു. സ്വീകരണത്തിന് അഡ്വ. ടി. ആസഫലി മറുപടി പ്രസംഗം നടത്തി.
