മാഹി: ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ മാഹി ബസിലിക്കയിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാൾ ആഘോഷങ്ങൾക്ക് ഒക്ടോബർ 5 തിങ്കളാഴ്ച കൊടിയേറും. രാവിലെ 11.30-ന് റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റം നടക്കുക. ഉച്ചയ്ക്ക് 12 മണിക്ക് അൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിട്ടുള്ള വിശുദ്ധ അമ്മത്രേസ്യയുടെ തിരുസ്വരൂപം പൊതുവണക്കത്തിനായി പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ പ്രതിഷ്ഠിക്കുന്നതോടെ 18 ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ മഹോത്സവത്തിന് തുടക്കമാകും.
തിരുനാളിന്റെ പ്രധാന ദിവസങ്ങളായ ഒക്ടോബർ 14, 15 തീയതികളിൽ വൈവിധ്യമാർന്ന ചടങ്ങുകൾ നടക്കും. 14-ന് വൈകിട്ട് കോഴിക്കോട് അതിരൂപത വികാരി ജനറൽ ഡോ. ജൻസൺ പുത്തൻവീട്ടിലിന്റെ കാർമ്മികത്വത്തിൽ ദിവ്യബലിയും തുടർന്ന് വിശുദ്ധയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗരപ്രദക്ഷിണവും നടക്കും. 15-ന് പുലർച്ചെ വിശ്വാസികളുടെ ശയനപ്രദക്ഷിണവും രാവിലെ 10.30-ന് കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത റവ. ഡോ. വർഗീസ് ചക്കാലക്കലിന്റെ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലിയും ഉണ്ടായിരിക്കും.
വിവിധ ദിവസങ്ങളിലായി തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, കണ്ണൂർ രൂപത മെത്രാൻ റവ. ഡോ. അലക്സ് വടക്കുംതല, സഹായ മെത്രാൻ റവ. ഡോ. ഡെന്നീസ് കുറുപ്പശ്ശേരി, വിജയപുരം രൂപത മെത്രാൻ റവ. ഡോ. ജസ്റ്റിൻ മഠത്തിൽപ്പറമ്പിൽ, മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരമംഗലം തുടങ്ങിയവർ ദിവ്യബലി അർപ്പിക്കും. ഒക്ടോബർ 22-ന് തിരുസ്വരൂപം അൾത്താരയിലേക്ക് തിരികെ മാറ്റുന്നതോടെ ആഘോഷങ്ങൾക്ക് സമാപനമാകും.
