മാഹിയിൽ അന്താരാഷ്ട്ര ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു; ടാഗോർ ഉദ്യാനം വർണ്ണാഭമായി


മാഹി: ഇൻആർട്ട് വേൾഡിന്റെയും ചെന്നൈ തപസ്യ ഇന്റർനാഷണൽ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ മാഹി ടാഗോർ ഉദ്യാനത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ചിത്രകലാ ക്യാമ്പ് ശ്രദ്ധേയമായി. ക്യാമ്പിന്റെ ഉദ്ഘാടനം മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ്. നിർവ്വഹിച്ചു. പ്രകൃതി ചിത്രരചന പ്രകൃതിയുടെ ആത്മാവിനെ തൊട്ടറിയാനുള്ള നിശബ്ദ മാധ്യമമാണെന്നും ആധുനിക ടൂറിസം രംഗത്ത് ഇതിന് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മയ്യഴിയുടെ ടൂറിസം സാധ്യതകളെയും ഇന്തോ-ഫ്രഞ്ച് സംസ്കാരത്തിന്റെ ശേഷിപ്പുകളെയും ദൃശ്യവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ അമ്പതിലധികം പ്രശസ്ത കലാകാരന്മാർ പങ്കെടുത്തു. ജയപ്രകാശ് (ചെന്നൈ) ക്യാമ്പ് ഡയറക്ടറായും അജന്ത ദാസ് ക്യൂറേറ്ററായും അനീസ് ആൻസി കോ-ഓർഡിനേറ്ററായും പ്രവർത്തിച്ചു.

സമാപന ചടങ്ങിന്റെ ഉദ്ഘാടനം അഡ്വ. ടി. അശോക് കുമാർ എം.എൽ.എ. നിർവ്വഹിച്ചു. ടൂറിസം ഒരു അനുഭവമായി മാറുമ്പോൾ അതിനെ നിലനിർത്താൻ ചിത്രരചനയ്ക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ എബി. എൻ. ജോസഫ് മുഖ്യാതിഥിയായിരുന്നു. പോലീസ് സൂപ്രണ്ട് ബി. ധനശേഖരൻ, കലൈമാമണി ചാലക്കര പുരുഷു, ആശ ലൈല തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച സംഗീത വിരുന്നും കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരവും ചടങ്ങിന് മാറ്റുകൂട്ടി. വിജയികൾക്ക് എം.എൽ.എ. സമ്മാനങ്ങൾ വിതരണം ചെയ്തു.


വളരെ പുതിയ വളരെ പഴയ