മാഹി: കോൺട്രാക്റ്റിംഗ് പ്ലസ് ഇന്ത്യയുടെ 18-ാമത് വാർഷികാഘോഷം മാഹിയിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. മാഹി എം.എൽ.എ. അഡ്വ. ടി. അശോക് കുമാർ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രദേശത്ത് വലിയ രീതിയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നിരവധി കുടുംബങ്ങൾക്ക് തണലാകാനും കമ്പനിക്ക് സാധിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓപ്പറേഷൻസ് ഡയറക്ടർ വിനോദ് സുകുമാരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.ടി. ഡയറക്ടർ അനൂപ് ദാമോദരൻ സ്വാഗതവും എച്ച്.ആർ. മാനേജർ നീതു ശിവാനന്ദൻ നന്ദിയും പറഞ്ഞു. കമ്പനി ചെയർമാനും സ്ഥാപകനുമായ മൈക്കൽ ഡിനീൻ, മാനേജിംഗ് ഡയറക്ടർ ഫെർഗൽ ലെനൻ, പ്രാഞ്ചൽ ശ്രീവാസ്തവ, സി.എ. പി. മോഹൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
വാർഷികാഘോഷങ്ങളുടെ ഭാഗമായി കമ്പനി ജീവനക്കാരുടെ കൂട്ടായ്മയായ 'ഹെൽപ്പിംഗ് ഹാൻഡ്‌സ്' മാഹി ഗവൺമെന്റ് ആശുപത്രിയിലേക്ക് വാട്ടർ ഹീറ്ററും ഇരിപ്പിട സൗകര്യങ്ങളും കൈമാറി. ജീവനക്കാരുടെ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.
