റോഡുകളുടെ ശോചനീയാവസ്ഥ: മാഹി ഗവ. ഹൗസിന് മുന്നിൽ നിരാഹാര സമരത്തിനൊരുങ്ങി റസിഡൻസ് അസോസിയേഷനുകൾ


മാഹി: ചാലക്കര മേഖലയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരത്തിലേക്ക് കടക്കാൻ ഒരുങ്ങി പ്രദേശത്തെ റസിഡൻസ് അസോസിയേഷനുകൾ. പഴയ റേഷൻ കടയ്ക്ക് സമീപത്ത് നിന്ന് ആരംഭിച്ച് ശ്രീനാരായണമഠം, സെന്റ് തെരേസ സ്കൂൾ, ഗ്യാസ് ഗോഡൗൺ വഴി പോളിടെക്നിക്കിന് സമീപം അവസാനിക്കുന്ന ഒന്നര കിലോമീറ്ററോളം ദൂരമുള്ള റോഡ് വർഷങ്ങളായി തികച്ചും സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്. കാൽനടയാത്ര പോലും ദുഷ്കരമായതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

ചാലക്കര സമന്വയ റസിഡന്റ്സ് അസോസിയേഷന്റെയും ചാലക്കര റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെയും നേതൃത്വത്തിൽ തകർന്ന റോഡുകൾ അടിയന്തരമായി ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നൽകി. 15 ദിവസത്തിനകം അനുകൂല നടപടിയുണ്ടായില്ലെങ്കിൽ മാഹി ഗവ. ഹൗസിന് മുന്നിൽ നിരാഹാരം ഉൾപ്പെടെയുള്ള പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

മാഹി എംഎൽഎ, റീജ്യണൽ അഡ്മിനിസ്ട്രേറ്റർ, മുൻസിപ്പൽ കമ്മീഷണർ, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവർക്കാണ് നിവേദനങ്ങൾ സമർപ്പിച്ചത്. സത്യൻ കേളോത്ത്, വത്സകുമാർ മാസ്റ്റർ, ശ്യാം സുന്ദർ, സുനിൽ കേളോത്ത് എന്നിവരുടെ നേതൃത്വത്തിൽ ഇരു അസോസിയേഷനുകളുടെയും ഭാരവാഹികളും അംഗങ്ങളും അടങ്ങുന്ന മുപ്പതോളം പേർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

 

വളരെ പുതിയ വളരെ പഴയ