മാഹി: മാതൃശക്തിയുടെ ഊർജ്ജത്തെ ആർക്കും തന്നെ അവഗണിക്കാനാവില്ലെന്ന് ഷാഫി പറമ്പിൽ എം. പി. പ്രസ്താവിച്ചു. ഗാന്ധിജയന്തി ദിനത്തിൽ അഖില ഭാരതീയ വിശ്വകർമ്മ മഹാസഭ മാഹി ശാഖ സംഘടിപ്പിച്ച 'മാതൃശക്തി' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരത്തിൽ നിന്നും കല്ലിൽ നിന്നും ലോഹത്തിൽ നിന്നും ശില്പങ്ങൾ സൃഷ്ടിക്കുന്ന വിശ്വകർമ്മജർക്ക് തങ്ങളുടെ കുലത്തൊഴിൽ നെഞ്ചോട് ചേർത്ത് അഭിമാനത്തോടെ ചെയ്യാനുള്ള പ്രേരണ നൽകിയത് അവരുടെ അമ്മമാരാണെന്നും, അത് തന്നെയാണ് ഈ ചടങ്ങിന്റെ ഏറ്റവും വലിയ മഹത്വമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാഹി വിശ്വകർമ്മ മഹാസഭ പ്രസിഡന്റ് അങ്ങാടിപ്പുറത്ത് അശോകൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഡ്വ. ടി. അശോക് കുമാർ എം. എൽ. എ., മുൻ മന്ത്രി ഇ. വത്സരാജ്, മുൻ കൗൺസിലർ വടക്കൻ ജനാർദനൻ, എ. ദിനേശ്, സാലിഹ് പി. കെ. വി., പ്രജിത്ത് പി. വി., എ. രാജേന്ദ്രൻ, രമ്യ സജീഷ് എന്നിവർ സംസാരിച്ചു.
