മാഹി: രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ 'അഥർവ്-2026' ദേശീയ സെമിനാർ സംഘടിപ്പിച്ചു. ആയുഷ് ഡയറക്ടറേറ്റ്, പുതുച്ചേരി സർക്കാർ, സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ്സ് ബോർഡ്, നാഷണൽ മെഡിസിനൽ പ്ലാന്റ്സ് ബോർഡ് എന്നിവയുടെ സഹകരണത്തോടെ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാഹി എംഎൽഎ അഡ്വ. ടി. അശോക് കുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു.
മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐഎഎസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. "ഡിജിറ്റൽ യുഗത്തിലെ ആയുർവേദം - തെറ്റായ വിവരങ്ങളിൽനിന്ന് ആയുർവേദത്തെ സംരക്ഷിക്കുക" എന്നതായിരുന്നു ഈ വർഷത്തെ സെമിനാറിന്റെ പ്രധാന പ്രമേയം. നാഷണൽ മെഡിസിനൽ പ്ലാന്റ്സ് ബോർഡ് പ്രതിനിധി ഡോ. എൻ. എം. സുധീപ് മുഖ്യപ്രഭാഷണം നടത്തി. മാഹി മുനിസിപ്പൽ കമ്മീഷണർ കെ.പി. ശ്രീജിത്ത് സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. കുബേർ സംഘ് സ്വാഗതവും ഡോ. ജി. ജഗദീഷ് നന്ദിയും രേഖപ്പെടുത്തി.
ആയുർവേദത്തിലെ ശാസ്ത്രീയ ഗവേഷണങ്ങൾ, ഔഷധസസ്യങ്ങളുടെ സുസ്ഥിരമായ കൃഷിരീതികൾ, ഡിജിറ്റൽ മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന തെറ്റായ ആരോഗ്യവിവരങ്ങൾ തടയൽ, പഞ്ചകർമ ചികിത്സയുടെ സമകാലിക പ്രസക്തി എന്നിവയെക്കുറിച്ച് സെമിനാറിൽ ശാസ്ത്രീയ ചർച്ചകൾ നടന്നു. ചടങ്ങിൽ അധ്യാപകർ, ഡോക്ടർമാർ, ഗവേഷകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
