മാഹി: യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാഹിയിലും പ്രവർത്തനങ്ങൾക്ക് തുടക്കമായി. മാഹിയിൽ നടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ മെമ്പർഷിപ്പ് വിതരണവും തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും ചർച്ച ചെയ്തു. ഒക്ടോബർ 5 മുതൽ നവംബർ 5 വരെയാണ് യൂത്ത് കോൺഗ്രസ് മെമ്പർഷിപ്പ് പ്രവർത്തനം നടക്കുക.
മാഹി അസംബ്ലി മണ്ഡലത്തിൽ നിന്നും വിവിധ ഭാരവാഹിത്വങ്ങളിലേക്ക് മത്സരിക്കാൻ താല്പര്യമുള്ളവർക്ക് ഈ മാസം 24 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 18 നും 35 നും ഇടയിൽ പ്രായമുള്ളവർക്കാണ് മത്സരരംഗത്തേക്ക് വരാൻ അർഹതയുള്ളത്. മാഹി അസംബ്ലി തലത്തിൽ ജനറൽ വിഭാഗത്തിൽ ഒരു പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റുമാർ, നാല് ജനറൽ സെക്രട്ടറിമാർ എന്നിവരെ കൂടാതെ വനിത, ഒബിസി, എസ്സി, എസ്റ്റി, മൈനോറിറ്റി, ഭിന്നശേഷി (ഹാന്റികാപ്പ്ഡ്) എന്നീ വിഭാഗങ്ങളിലെ ജനറൽ, വനിതാ സംവരണ സീറ്റുകളിലേക്കുമാണ് മത്സരം നടക്കുന്നത്. വോട്ടെടുപ്പിൽ ഒരാൾക്ക് സംസ്ഥാന, ജില്ലാ, അസംബ്ലി തലങ്ങളിലായി വിവിധ സ്ഥാനാർത്ഥികൾക്ക് 5 വോട്ടുകൾ വീതം രേഖപ്പെടുത്താം.
യോഗം കർണാടക പ്രദേശ് കോൺഗ്രസ് ജനറൽ സെക്രട്ടറിയും പ്രദേശ് റിട്ടേണിങ് ഓഫീസറുമായ എസ്. ബാലകൃഷ്ണ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രജിലേഷ് കെ.പി അധ്യക്ഷത വഹിച്ചു. കെ. മോഹനൻ, സത്യൻ കേളോത്ത് എന്നിവർ സംസാരിച്ചു.
