പെരിങ്ങാടി : മയക്കുമരുന്ന് കേസിൽ സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് ഇരയായ ന്യൂമാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലിയെ ആരോ മനഃപൂർവം കുടുക്കിയതാണെന്ന് മാതാവ് കെ വി ഷാഹിദ പറഞ്ഞു. സൗദി അതിർത്തിയിലേക്ക് പോകുന്നതിനായി ഒരാൾ നൽകിയ വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് അബൂട്ടിയെ പോലീസ് പിടികൂടുന്നത്. നാട്ടിലേക്ക് മടങ്ങാനിരുന്ന ദിവസമാണ് ഈ സംഭവം നടന്നതെന്നും തങ്ങൾ വിമാനത്താവളത്തിൽ കാത്തിരിക്കുകയായിരുന്നുവെന്നും മാതാവ് കണ്ണീരോടെ ഓർത്തെടുത്തു.
നേരത്തെ മസ്‌കറ്റിൽ ജോലിയുണ്ടായിരുന്ന അബൂട്ടിക്ക് പുതിയ വിസ വാഗ്ദാനം ചെയ്ത് സഹായിച്ച ആളാണ് ഇതിന് പിന്നിലെന്നാണ് കുടുംബത്തിന്റെ ആരോപണം. കണ്ണൂർ സ്വദേശിയാണ് അബൂട്ടിയെ ചതിച്ചതെന്ന് ബന്ധുവായ നൗഷാദ് വ്യക്തമാക്കി. വാഹനം പോലീസ് പരിശോധിച്ചപ്പോഴാണ് തന്നെ ചതിച്ചതാണെന്ന് അബൂട്ടി മനസ്സിലാക്കുന്നത്. പാഴ്‌സൽ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് നൽകിയതാണെന്നും അതിൽ മയക്കുമരുന്നാണെന്ന് അബൂട്ടിക്ക് അറിയില്ലായിരുന്നുവെന്നും കുടുംബം പറയുന്നു.
നീതിന്യായ കോടതികളിലും പോലീസിനോടും അബൂട്ടി ഇത് വ്യക്തമാക്കിയെങ്കിലും അംഗീകരിക്കപ്പെട്ടില്ല. ചെയ്യാത്ത തെറ്റിന് രണ്ട് വർഷവും ഏഴ് മാസവും ജയിൽ ശിക്ഷ അനുഭവിച്ച ശേഷമാണ് വധശിക്ഷ നടപ്പിലാക്കിയത്. ജയിലിൽ നിന്ന് മോചിപ്പിക്കാൻ നിയമസഹായം നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയ ആളും പിന്നീട് സഹായിച്ചില്ലെന്ന് കുടുംബം ആരോപിച്ചു.
