പുതുച്ചേരിയിൽ മദ്രാസ് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് സ്ഥാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് പുതുച്ചേരി ആഭ്യന്തരമന്ത്രി നമശിവായം. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചർച്ചയ്ക്കിടെ മാഹി എംഎൽഎ അഡ്വ. ടി. അശോക് കുമാർ ഉന്നയിച്ച ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ന്യൂഡൽഹിയിൽ കേന്ദ്ര നിയമ-നീതി മന്ത്രി അർജുൻ റാം മേഘ്‌വാളിനെ നേരിട്ട് സന്ദർശിച്ചാണ് ആഭ്യന്തരമന്ത്രി നിവേദനം സമർപ്പിച്ചത്.
ജനങ്ങൾക്ക് ചെലവ് കുറഞ്ഞ രീതിയിലും വേഗത്തിലും നീതി ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതുച്ചേരിയേക്കാൾ ജനസംഖ്യ കുറഞ്ഞ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ നിലവിൽ ഹൈക്കോടതി ബെഞ്ചുണ്ടെന്ന് ചൂണ്ടിക്കാട്ടിയ നമശിവായം, ഹൈക്കോടതി ആവശ്യങ്ങൾക്കായി ഉദ്യോഗസ്ഥർ ചെന്നൈയിലേക്ക് തുടർച്ചയായി യാത്ര ചെയ്യുന്നത് ഭരണസ്തംഭനത്തിനും വലിയ സാമ്പത്തിക നഷ്ടത്തിനും കാരണമാകുന്നുണ്ടെന്ന് വ്യക്തമാക്കി. വിഷയത്തിൽ വേഗത്തിൽ അനുകൂല നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി ഉറപ്പുനൽകിയതായി നമശിവായം അറിയിച്ചു. 2017-ൽ മുൻ മാഹി എംഎൽഎ ഡോ. രാമചന്ദ്രൻ മാസ്റ്ററും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
