ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ ബീക്കൺ ഗ്രാമപഞ്ചായത്തായി മാറ്റുന്നതിനുള്ള പദ്ധതി പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. പഞ്ചായത്തിലെ 14 പ്രധാന കേന്ദ്രങ്ങളെ ആദ്യഘട്ടത്തിൽ ബീക്കൺ ടൗണുകളാക്കി മാറ്റാനാണ് തീരുമാനം.
നിടുമ്പ്രം വെള്ളച്ചേരി, വി.പി. ഒറിയന്റൽ ഹൈസ്‌കൂൾ - വയലിൽ പീടിക റോഡ്, ശ്രീ നാരായണ വായനശാല മുതൽ പഞ്ചായത്ത് ഓഫീസ് വരെ, താഴെ ചൊക്ലി മുതൽ മേലെ ചൊക്ലി വരെ, ചൊക്ലി ടൗൺ ബൈപ്പാസ് റോഡ്, സി.എം.സി മുതൽ മേനപ്രം അമ്പലം വരെ, കവിയൂർ ടൗൺ, നാരായണൻ പറമ്പ് ടൗൺ, ബണ്ട് റോഡ്, തീരദേശ റോഡ്, ചൊക്ലി - കവിയൂർ റോഡ്, മോന്താൽ ടൗൺ, മേക്കുന്ന് ടൗൺ, ആർ.സി.ബി പരിസരം എന്നിവയാണ് ആദ്യഘട്ടത്തിൽ ബീക്കൺ പദ്ധതിയിൽ ഉൾപ്പെടുത്തിയ കേന്ദ്രങ്ങൾ.
പദ്ധതിയുടെ ഭാഗമായി ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ജനകീയ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമാകും. ഒക്ടോബർ രണ്ടിന് നിടുമ്പ്രം വെള്ളച്ചേരിയിലെ പ്രവൃത്തികൾ പൂർത്തിയാക്കി ആദ്യ ബീക്കൺ ടൗണായി പ്രഖ്യാപിക്കും. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സർവ്വേ നടപടികൾ പൂർത്തിയാക്കുന്നതിനൊപ്പം ഈ കേന്ദ്രങ്ങളുടെ ഭാവി പരിപാലനത്തിനായി പ്രത്യേക പരിപാലന സമിതികളും രൂപീകരിക്കും.
പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പഞ്ചായത്തുതല ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എം. സപ്ന അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി അമൽ രാജ്, അസിസ്റ്റന്റ് സെക്രട്ടറി ടി. സജിത് കുമാർ, കെ.ടി.കെ. പ്രദീപ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.പി. സചീന്ദ്രൻ, ചലച്ചിത്ര സംവിധായകൻ പ്രദീപ് ചൊക്ലി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. മോഹനൻ എന്നിവർ പങ്കെടുത്തു.