ന്യൂ മാഹി മലയാള കലാഗ്രാമം എ.പി. കുഞ്ഞിക്കണ്ണൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സാംസ്‌കാരിക പരിപാടികൾക്ക് തുടക്കമിട്ടുകൊണ്ട് കഥാകാരൻ ടി. പത്മനാഭനുമായുള്ള മുഖാമുഖവും ചിത്രപ്രദർശനവും സംഘടിപ്പിക്കുന്നു. 'പ്രകാശം പത്മനാഭം' എന്ന പേരിൽ സെപ്റ്റംബർ 27 ന് വൈകുന്നേരം 3 മണിക്ക് ന്യൂമാഹി മലയാള കലാഗ്രാമത്തിലാണ് പരിപാടി നടക്കുകയെന്ന് സെക്രട്ടറി അസീസ് മാഹി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കഥാകാരൻ ടി. പത്മനാഭൻ, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി നാരായണൻ കാവുമ്പായിയുമായി നടത്തുന്ന മുഖാമുഖം പരിപാടിയിൽ ലൈബ്രറി പ്രസിഡന്റ് ഡോ. എ.പി. ശ്രീധരൻ അധ്യക്ഷത വഹിക്കും. തുടർന്ന് പ്രശാന്ത് ഒളവിലത്തിന്റെ ചിത്രപ്രദർശനം കലാഗ്രാമം എം.വി. ദേവൻ ആർട്ട് ഗാലറിയിൽ ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യും. ചാലക്കര പുരുഷു ചിത്രപരിചയം നടത്തുന്ന ഈ പ്രദർശനം ഒക്ടോബർ 2 ന് സമാപിക്കും. വാർത്താസമ്മേളനത്തിൽ പി. ജയരാജൻ, അഡ്വ. എൻ.കെ. സജ്‌ന, പ്രശാന്ത് ഒളവിലം, വൈ.എം. അനിൽ കുമാർ എന്നിവരും പങ്കെടുത്തു.
