കുഞ്ഞിപ്പുരമുക്കിൽ കിണർ വെള്ളത്തിൽ പെട്രോൾ ചോർച്ചയെന്ന് പരാതി; മാഹി റീജിയണൽ അഡ്മിനിസ്‌ട്രേറ്റർക്ക് റസിഡന്റ്സ് അസോസിയേഷൻ നിവേദനം നൽകി

മാഹി: നാലുതറ കുഞ്ഞിപ്പുരമുക്ക് ഭാഗത്തെ കിണറുകളിലെ വെള്ളത്തിൽ പെട്രോൾ പമ്പുകളിൽ നിന്നുള്ള ഇന്ധനം കലരുന്നതായി പരാതി. സമീപത്തുപ്രവർത്തിക്കുന്ന പെട്രോൾ പമ്പുകളിലെ ഭൂഗർഭ ടാങ്കുകളിൽ നിന്നുള്ള ചോർച്ചയാണ് ഇതിന് കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. സംഭവത്തിൽ കുഞ്ഞിപ്പുരമുക്ക് റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ മാഹി റീജിയണൽ അഡ്മിനിസ്‌ട്രേറ്റർക്ക് ഔദ്യോഗികമായി പരാതി നൽകി.

ദേശീയപാത 66-ന്റെ അരകിലോമീറ്ററിൽ താഴെ മാത്രം ദൂരപരിധിക്കുള്ളിൽ കിഴക്കുഭാഗത്ത് ആറും പടിഞ്ഞാറുഭാഗത്ത് അഞ്ചും അടക്കം 11 ഇന്ധന ഫില്ലിംഗ് സ്റ്റേഷനുകളാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ രണ്ട് മാസമായി പ്രദേശത്തെ വീടുകളിലെ കിണറ്റുവെള്ളത്തിൽ അപരിചിതമായ രാസരുചിയും കടുത്ത ദുർഗന്ധവും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പെട്രോൾ പമ്പുകളിൽ നിന്നും ഇന്ധനവും മറ്റ് വിഷമലിനീകരണ വസ്തുക്കളും ആഴ്ന്നിറങ്ങി ആഴത്തിലുള്ള കിണറുകളിലേക്ക് എത്തുന്നുണ്ടെന്നാണ് സംശയിക്കുന്നത്.

വെള്ളത്തിൽ ഇന്ധനത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ കുടിക്കാനും മറ്റ് ദൈനംദിന ഗാർഹിക ആവശ്യങ്ങൾക്കും വെള്ളം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ശാസ്ത്രീയ പരിശോധന നടത്തി പരിഹാരം കാണണമെന്ന് പള്ളൂർ റോയൽ കോംപ്ലക്സിൽ ചേർന്ന റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ അടിയന്തര യോഗം ആവശ്യപ്പെട്ടു.



വളരെ പുതിയ വളരെ പഴയ