മാഹി: പള്ളൂർ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ പെട്രോൾ പമ്പുകളുടെ അമിതമായ കടന്നുകയറ്റം മൂലം റസിഡൻസ് മേഖലകളിലെ കിണറുകളിലെ കുടിവെള്ളം ഇന്ധനം കലർന്ന് മലിനമാകുന്നതിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ. പള്ളൂർ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രദേശത്തെ പ്രധാന കുടിവെള്ള സ്രോതസ്സുകളായ കിണറുകളിൽ പെട്രോളിന്റെയും മറ്റ് ഇന്ധനങ്ങളുടെയും അംശം കലരുന്നത് ഗുരുതരമായ ആരോഗ്യ-പരിസ്ഥിതി പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. ജനവാസ കേന്ദ്രങ്ങളുടെ സുരക്ഷയും കുടിവെള്ളത്തിന്റെ ശുദ്ധതയും ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണമെന്ന് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
മലിനീകരണത്തിന് കാരണമാകുന്ന കിണറുകളിലെ വെള്ളം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനും, ഇന്ധന ചോർച്ചയുടെ ഉറവിടം കണ്ടെത്താനും നടപടി വേണം. നിലവിലുള്ള പെട്രോൾ പമ്പുകളുടെയും ഇന്ധന സംഭരണ സംവിധാനങ്ങളുടെയും സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കണമെന്നും സുരക്ഷാ വീഴ്ച വരുത്തുന്ന പമ്പുകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ. ആവശ്യപ്പെട്ടു.
വിഷയത്തിൽ അധികാരികൾ ശാശ്വതമായ പരിഹാരം കണ്ടത്തിയില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും മേഖലാ കമ്മിറ്റി മുന്നറിയിപ്പ് നൽകി.
