മാഹി: മാഹി ജനറൽ ആശുപത്രിയിലെ രോഗികളുടെയും കുട്ടികളുടെയും സൗകര്യാർത്ഥം മാഹി സി.എച്ച്. സെന്ററിന്റെ നേതൃത്വത്തിൽ വീൽചെയറുകളും സ്ട്രോളറുകളും സൗജന്യമായി നൽകി. ആശുപത്രിയിലെ മെഡിക്കൽ വാർഡിലേക്ക് ആവശ്യമായ വീൽചെയറുകളും പീഡിയാട്രിക് വിഭാഗത്തിലേക്ക് കുട്ടികൾക്കുള്ള സ്ട്രോളറുകളുമാണ് നൽകിയത്.
ആശുപത്രി വളപ്പിൽ നടന്ന ചടങ്ങിൽ മാഹി സി.എച്ച്. സെന്റർ പ്രസിഡന്റ് എ.വി. യൂസഫ്, ഹെൽത്ത് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.പി. ഇസ്ഹാക്കിന് ഉപകരണങ്ങൾ കൈമാറി. സമൂഹത്തിലെ അശരണർക്കും നിരാലംബർക്കും മാഹി സി.എച്ച്. സെന്റർ നൽകിവരുന്ന നിസ്വാർത്ഥ സേവനങ്ങളെ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഇസ്ഹാക്ക് പ്രശംസിക്കുകയും ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു.
ചടങ്ങിൽ ചെസ്റ്റ് സ്പെഷ്യലിസ്റ്റ് ഡോ. ആദിൽ വാഫി, സീനിയർ നഴ്സിംഗ് ഓഫീസർ സുധ, നഴ്സിംഗ് ഓഫീസർമാരായ നാൻസി മേരി, രേണുക, എൻ. മോഹൻ, സി.എച്ച്. സെന്റർ സെക്രട്ടറി എ.വി. അൻസാർ, കെ. അലി ഹാജി, റിഷാദ് കൂടാളി എന്നിവർ പങ്കെടുത്തു.
