ചോമ്പാൽ: ചോമ്പാൽ ബ്ലോക്ക് ഓഫീസിന് സമീപം ദേശീയപാതയിൽ കേറ്റിൽ പാസ് അനുവദിക്കുന്ന കാര്യത്തിലും അഴിയൂർ ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിലും ഇടപെടുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഉറപ്പുനൽകി. വിഷയത്തിൽ കോൺഗ്രസ് അഴിയൂർ മണ്ഡലം കമ്മിറ്റി നൽകിയ നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ചോമ്പാൽ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന അഴിയൂർ ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയുടെ പ്രവർത്തനം മുഴുവൻ സമയമായി ഉയർത്തണമെന്നും ദേശീയപാതയിൽ കന്നുകാലികൾക്കും മൃഗങ്ങൾക്കും സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ കേറ്റിൽ പാസ് അനുവദിക്കണമെന്നുമാണ് നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ.
വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് മന്ത്രി പ്രതിനിധി സംഘത്തിന് ഉറപ്പുനൽകി. മണ്ഡലം പ്രസിഡന്റ് പി. ബാബുരാജ്, ഭാരവാഹികളായ പുരുഷു രാമത്ത്, കെ.പി. രവീന്ദ്രൻ, നസീർ വിരോളി, സോമൻ കൊളരാട്, കെ. അനിൽകുമാർ, ടി.പി. സോമൻ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.
