കളിക്കുന്നതിനിടെ അലുമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടുവയസ്സുകാരന് രക്ഷകരായി മാഹി ഫയർഫോഴ്സ്


മാഹി: കളിക്കുന്നതിനിടെ തലയിൽ അലുമിനിയം പാത്രം കുടുങ്ങിയ രണ്ടുവയസ്സുകാരനെ മാഹി അഗ്നിശമനസേന സുരക്ഷിതമായി രക്ഷപ്പെടുത്തി. ചാലക്കര പൊന്തയാട്ട് റോഡിലെ 'ബൈത്തുൽ ബറാക്ക'യിൽ ഷാഹുലിന്റെ മകൻ അർഹാമിന്റെ (2) തലയിലാണ് പാത്രം കുടുങ്ങിയത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം.

വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കുട്ടി അലുമിനിയം പാത്രം തലയിലൂടെ ഇടുകയായിരുന്നു. വീട്ടുകാരും ബന്ധുക്കളും ചേർന്ന് പാത്രം ഊരിയെടുക്കാൻ പലവിധത്തിൽ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് കുട്ടിയുടെ കരച്ചിൽ മാറ്റാനാകാതെ വന്നതോടെ ഉമ്മയും ഉപ്പാപ്പയും ചേർന്ന് കുട്ടിയെയും കൂട്ടി ഉടൻ തന്നെ മാഹി ഫയർ സ്റ്റേഷനിൽ എത്തുകയായിരുന്നു.

ഫയർ സ്റ്റേഷൻ ഓഫീസർ രതീഷ് കുമാർ, ടി. സുരേന്ദ്രൻ, ലീഡിങ് ഫയർമാൻ വി.പി. ബിജു, ഫയർമാന്മാരായ പി.വി. വിനോദ്, വി. സനൂപ്, വി. ശ്രീജിത്ത്, സി.എച്ച്. പ്രേംജി, ആർ. ദേവനാഥൻ, ഡ്രൈവർ കുമാർ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കുട്ടിയുടെ തലയ്ക്ക് ചെറിയ പരിക്കുപോലുമേൽക്കാതെ കട്ടർ ഉപയോഗിച്ച് പാത്രം ശ്രദ്ധയോടെ മുറിച്ചെടുത്താണ് അഗ്നിശമനസേനാംഗങ്ങൾ കുട്ടിയെ സുരക്ഷിതമാക്കിയത്.



വളരെ പുതിയ വളരെ പഴയ